Monday, June 16, 2008

സ്വപ്നങ്ങള്‍ പൂക്കുന്ന താഴ്വരയിലേയ്ക്ക്.!!

സ്വപ്നങ്ങളുടെ പറുദീസയായ ദുബായ് നഗരത്തിന്റെ തിരക്കുകളില്‍ സ്വയം മറന്ന്
ജീവിതലക്ഷ്യം തേടുന്ന ഓരോ പ്രവാസിയും അവന്റെ സ്വപ്നകൂട്
തീര്‍ത്തിരിക്കുന്നത് അമൂല്യമാ‍യ മുത്തുമണികള്‍ കൊണ്ടാണ്..
അവന്റെ വിയര്‍പ്പ് തുള്ളികള്‍ തന്നെ...


മിഴിയിതളില്‍ കണ്ണീരുമായി ആത്മാവിന്റെ തേങ്ങലുകളുള്‍ അടക്കി ജീവിതം
ഹോമിക്കുന്ന പാവം മലയാളി..
ഏതോ കിനാവിന്റെ നിഴലാളും തീരത്ത് പൊലിഞ്ഞുപോയ സ്വപ്നങ്ങളുംപേറി
ജീവിതവിജയത്തിന്റെ പുല്‍ക്കൊടിത്തുമ്പില്‍ ജീവിതം കാണുന്ന പ്രവാസി.


സ്വപ്നങ്ങള്‍ നെയ്ത് ഹൃദയത്തിന്റെ നോവുകള്‍ അടക്കി അവന്റെ
സ്വപ്നഭൂമിയില്‍ കഴിയുന്ന മറുനാടന്‍ മലയാളി..


അക്കരപ്പച്ച എന്ന് പറയുന്നത് എത്ര സത്യം!
അകലെയായിരുന്നപ്പോള്‍ ഇവിടെം എനിക്ക് എത്രസുന്ദരമായ സ്വപ്നമായിരുന്നൂ.
ആ അനുഭവം മനസ്സില്‍ കണ്ട് ഇവിടെ എത്തി പക്ഷെ ഇവിടെ
ഇത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത് എല്ലാം അക്കരപ്പച്ചയായിരുന്നു
എന്ന്. പച്ചപ്പും സുഗന്ധവും എല്ലാം എന്റെ മലയാളമണ്ണിനായിരുന്നു.!!

ഇവിടെ ഈ മണല്‍ക്കാട്ടില്‍ ശബ്ദത്തിന് പ്രതിധ്വനിക്കാന്‍ ആവില്ലല്ലൊ.
ആഴിപോലെ പരന്ന് കിടക്കുന്നപൂഴിപ്പരപ്പില്‍ നമ്മുടെ ചുണ്ടുകള്‍ക്കിടയില്‍കൂടി
പുറപ്പെടുന്നശബ്ദം ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം അകലങ്ങളിലേയ്ക്ക്
പറന്നു പറന്നു പോകുന്നൂ... അത്കൊണ്ടുതന്നെയാകും ഇവിടെനിന്നുള്ള കാതരമായ
വിളികള്‍പോലും കടലേഴും കടന്ന് രാജ്യാന്തരങ്ങളിലേയ്ക്ക് പറക്കുന്നത്



ഈ പ്രതിധ്വനിയില്ലായ്മ ബധിരകര്‍ണ്ണങ്ങളില്‍ പതിയ്ക്കുന്ന സംഗീതമാണ്..
ഓട്ടുപാത്രത്തില്‍ വീഴുന്ന വരദാനനമാണ്..
ഹൃദയത്തിന്റെ കോണില്‍ അലയടിക്കുന്ന സ്നേഹമാണ്..
പ്രതിധ്വനിക്കാത്ത ശബ്ദം പോലും കൂട്ടിനായി കൂടെകൂട്ടിയവര്‍ ആണ് പ്രവാസികള്‍

മനുഷ്യവികാരങ്ങളുടെ ഭാഷ,, അത് എന്താണ്..?
നാം ഒരോരുത്തരും അത് ആലോചിച്ചുനോക്കിയിട്ടുണ്ടൊ..?

വന്റെ ചിരിയുടെ ഭാഷയെന്താണ്..?
വന്റെ നിലവിളിയുടെ ഭാഷ എന്താണ്....?
വന്റെ വിശ്വാസത്തിന്റെ ഭാഷ എന്താണ്..?
വന്റെ വിശപ്പിന്റെ ഭാഷ എന്താണ്...?
വന്റെ പ്രണയത്തിന്റെ ഭാഷ എന്താണ്..?


സ്നേഹവും വിരഹവും അതിജീവിതത്തിന്റെ കാത്തിരിപ്പുമല്ലെ ഈ മണല്‍ക്കാട്ടില്‍
വെന്തുരുകുന്ന പ്രവാസിയുടെ ഭാഷ.!!


നഷ്ടസ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഈ മണലാരണ്യത്തില്‍ എത്തിയത്
ജീവിതം എന്ന വാക്കിന് അര്‍ത്ഥം തേടിയാണ്..
എന്നാല്‍ എല്ലാം നേടിയിട്ടും നഷ്ടസ്വപ്നവും അതിലെ കഥാ പാത്രങ്ങളും
ഇന്നും മനസ്സിന്റെ മണ്‍ചിരാതില്‍ കുടിയിരിക്കുന്നു.
പ്രവാസവിരഹത്തില്‍ ഞാന്‍ നിനക്കായ് ഉതിര്‍ക്കുന്ന
കണ്ണുനീര്‍ത്തുള്ളികള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു

ഇന്നും ഞാനെന്റെ ഗ്രാമമെന്ന സുന്ദരസ്വപ്നത്തെ ഓര്‍ത്ത് മിഴിനീര്‍പൊഴിയ്ക്കുന്നു.

അപ്പോഴൊക്കെ മനസ്സില്‍ ഓടിയെത്തുന്നത് ആ രാത്രിമഴയും, തുലാവര്‍ഷം
പെരുമ്പറകൊട്ടുന്ന ഇടിയും മിന്നലും, കിന്നാരം ചൊല്ലുന്ന പുഴയും,
ഈണത്തില്‍ കൂകിവിളിയ്ക്കുന്ന കുയിലും, പച്ചപ്പിന്റെ നറുമണം തൂകുന്ന
വയലേലകളും, നിലാവില്‍ കുളിച്ച രാത്രിയും, പഴയ ചങ്ങാതിമാരും
അതിനുമപ്പുറം ഓണവും വിഷുവും , ഉത്സവങ്ങളിലുമൊക്കെ പങ്കുവെച്ച കഥകളുടെപഴമ്പാ‍യയും
എന്റെ മനസ്സിനെ ഇന്നും പ്രകമ്പനം കൊള്ളിക്കുന്നു.
ജീവിത വല്മീകത്തിലെ മൂകവികാരങ്ങളുടെ അടിസ്ഥാനം എല്ലാം നമുക്കിന്ന്

വ്യര്‍ത്ഥമായിക്കൊണ്ടിരിക്കുകയല്ലെ. കളിയും ചിരിയും പങ്കിട്ട നാളുകളില്‍ നാടിന്റെ ഓര്‍മയുണര്‍ത്തുന്ന സുന്ദര സ്വപ്നങ്ങളും പേറി പിന്നിട്ട നല്ല കാലത്തിന്റെ നഷ്ടബോധത്തില്‍
ഉതിര്‍ന്ന കണ്ണുനീരില്‍ മനസ്സ് കലങ്ങി തെളിയുമ്പോള്‍, ഏകാന്തത വീണ്ടും മഴയായി, സഹയാത്രികനായി വരികയാണ്..


ലോകത്തിലെ കഴ്ചകള്‍ പലതാണ്
വര്‍ണ്ണകാഴ്ചകളുടെ ആഭയില്‍ മയങ്ങിയാലും അതിനു താഴെയുള്ള ജീവിതങ്ങള്‍
കാണുവാന്‍ കഴിയുമ്പോഴാണ് നമ്മുടെയൊക്കെ കാഴ്ചകള്‍ പൂര്‍ണ്ണമാകുന്നത്.

ഓര്‍മകളുടെ മധുരവും സംഗീതവും നിറഞ്ഞ സ്നേഹത്തിന്റെ,വസന്തകാലത്തിന്റെ ,
തിരശീലയില്‍നിന്നും കരുത്ത് നേടിയ എന്റെ സ്വപ്നവും പേറി ഇന്നത്തെ
സൃഷ്ടീകളുമായി നാളെയുടെ ഇന്നലെകള്‍ക്കായ് കരുതിവെയ്ക്കുന്ന പഴമ്പാട്ടുമായി
എനിക്ക് ലഭ്യമായ പരമാവധി മാത്രകളുമായി ഞാനും യാത്രയാകുന്നു എന്റെ
സ്വപ്നങ്ങളുടെ പറുദീസയിലേയ്ക്ക്.!!