Friday, July 18, 2008

കലാലയ സന്ധ്യകള്‍.!!

രിച്ച മാര്‍ച്ചിന്റെ ജീവനുള്ള ദിവസങ്ങള്‍ ഞാന്‍ തിരയുന്നു...

മറക്കണമെന്ന്‌ ഓര്‍മ്മിപ്പിക്കലാണ്‌
മാര്‍ച്ചിന്റെ നിയോഗം.മതിയായില്ലെന്ന്‌ അറിഞ്ഞിട്ടും
നോവിന്റെ യവനികയുയര്‍ത്തിഅഭിനയിക്കാനാവശ്യപ്പെടലാണ്‌
അതിന്റെ വിധി.ഒടുവില്‍ കരയാതെ നിന്ന കണ്‍കളിലേക്ക്‌
അരങ്ങിലെ ഇരുട്ട്‌ താഴ്‌ത്തിമറയുമ്പോഴാണ്‌അതിന്റെ ജന്മം പൂര്‍ണമാവുക.


മാര്‍ച്ചിലൂടെ കടന്നുപോകുന്ന ഓരോ തലമുറയ്ക്കും ഇത് നിസ്സഹായതയുടെ വാതില്‍പ്പുറങ്ങള്‍.
കാമ്പസ് ഇന്ന് വിജനമാണ്. ഇത് വഴി നടന്ന ഓരോ നിമിഷങ്ങളും ഇന്നും മറക്കാനായിട്ടില്ല.

സൗഹൃദത്തിന്റെ കാണാപ്പുറങ്ങളെ മനസ്സിന്റെ തൂലികയാല്‍ പകര്‍ത്താന്‍ വെമ്പുന്ന നിസ്സഹായത എന്നെ വീര്‍പ്പുമുട്ടിക്കുന്നു.ഇന്ന്ഏകാന്തതയുടെ ചിലന്തിവലകള്‍ മാത്രം...കൗമാരസ്വപ്നങ്ങളില്‍ വിരിഞ്ഞ കാമിനിമാരുടെ മുഖങ്ങളില്ല.ബന്ധങ്ങളിലെ വൈവിധ്യങ്ങളില്ല. കാമ്പസ് പ്രണയങ്ങളിലെ കമിതാക്കളുംഇല്ല. എന്റെ മനസ്സിന്റെ നൊമ്പരങ്ങളുടെ പ്രതീകം പോലെ പൂത്തുനില്‍കുന്ന വാകമരങ്ങള്‍ മാത്രം.ഓര്‍മകളും സ്വപ്നങ്ങളും നൊമ്പരങ്ങളും പങ്കുവെച്ചും പരിഭവങ്ങള്‍ പങ്കിട്ടും എനിക്ക് മുന്നെ പടിയിറങ്ങിയ  ആത്മാവിനൊപ്പം   എനിക്കും എത്തണം...

എല്ലാം ഇന്ന് വിജനമായിരിക്കുന്നു.എല്ലാവരും ഒന്നിച്ചുണ്ടായിരുന്ന അപൂര്‍വ്വ നിമിഷങ്ങള്‍‍, അസുലഭമുഹൂര്‍ത്ഥങ്ങള്‍...ഇന്ന്നമ്മള്‍ പിരിയുകയാണ്.കരിയിലകള്‍ ചിക്കിമാറ്റി തണല്‍മരത്തിന്റെ കീഴില്‍ ആര്‍ത്തുല്ലസിച്ച ദിനങ്ങള്‍.എന്റെ ജീവന്റെ തുടിപ്പുകള്‍ ഇവിടെ ഉപേക്ഷിച്ച് ഞാന്‍ മടങ്ങുകയാണ്.

ആത്മ ബന്ധത്തില്‍ പെയ്തിറങ്ങിയ സൌഹൃദങ്ങള്‍ പങ്കുവെച്ച ഹരിതദിനങ്ങളോട് എനിക്കും വിടപറയേണ്ടി വരുന്നു. കൗമാരത്തിന്റെ കൗതുകങ്ങളില്‍ കണികൊന്ന വിരിയിച്ച് തന്ന കലാലയം.... പ്രണയത്തിന്റേയും സ്വപ്നങ്ങളുടേയും മോഹഭം‌ഗങ്ങളുടേയും ഒരുപാട് കഥകള്‍ പറയാനുണ്ട് ഇവിടുത്തെ ഓരോ ഇടനാഴികള്‍ക്കും. അകന്നിട്ടും അടരാന്‍ മടിച്ച് ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നു കിടക്കുന്ന പ്രണയകാലം... ഇവിടെ ഒരുപാടു പേരുടെ സ്വപ്നങ്ങള്‍ക്കു ചിറകു മുളച്ചിരുന്നു.ഉയരങ്ങളിലേക്ക് പറക്കാന്‍ കൊതിച്ചിരുന്ന ഒരുപാട് ജന്‍മങ്ങള്‍ ചിറകു തളര്‍ന്നു വീണതും ഇവിടെയാണ്‌ .

വിജയത്തിന്റെ പടവുകള്‍ ചവിട്ടികയറി ജീവിതത്തില്‍ വെന്നികൊടിപാറിച്ചവര്‍, അതേസമയം ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സ്വയം ഒതുങ്ങേണ്ടിവന്ന മറ്റുചില മനുഷ്യക്കോലങ്ങള്‍. ഈ ഇടനാഴികളില്‍ പ്രണയത്തിന്റെ നോവുണ്ട്, സൗഹൃദത്തിന്റെആര്‍ദ്രതയുണ്ട്,വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്.ഇവിടെ ഞാനുണ്ട്, എന്റെ മനസ്സുണ്ട് പിന്നെ  നിങ്ങളില്‍ ആരൊക്കെയോയുണ്ട്.പങ്കുവെച്ച സ്നേഹത്തിന്റെ നനുത്ത സ്പര്‍ശം ഇതെല്ലാം ഇടനാഴിയുടെ ആര്‍ദ്രമായ വായുവില്‍ ഞാന്‍ തൊട്ടറിയുന്നു .

എങ്കിലും, ഇവിടുത്തെ കരിങ്കല്‍ ചുമരില്‍ പറ്റിപ്പിടിച്ച ചുവന്ന മണ്ണ് എങ്ങനെ കറുത്തു പോയെന്ന് അത്ഭുതം കൂറുന്നവര്‍ക്കു അവളെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കുമെന്ന് കരുതി...

 "എന്റെ ഹൃദയത്തിന്റെ കോണില്‍ നിന്നും അലിഞ്ഞു പോയ സ്നേഹത്തിന്റെ സ്പന്ദനങ്ങളാണ് അതില്‍ പറ്റിപ്പിടിച്ചതെന്ന്"

നിനക്കു ഞാന്‍ തന്ന പ്രണയത്തില്‍ രക്ത സാക്ഷിയായത് എന്റെ ഹൃദയം മാത്രമായിരുന്നില്ല അതില്‍ കൂടു കൂട്ടിയിരുന്ന ഒരായിരം കുഞ്ഞുമാലാഖമാരും കൂടെയുണ്ടായിരുന്നു.മുളയ്ക്കും മുമ്പ് തന്നെ കരിക്കപ്പെട്ട ചിറകുകളുമായി ഈ ഇടനാഴിയില്‍ ഇപ്പോഴും പറക്കാന്‍ കൊതിച്ചു നില്‍പ്പുണ്ട്. മഴക്കാല രാത്രികളിലോന്നില്‍ നീ വന്നാല്‍ നിനക്കും അത് തൊട്ടറിയാം...


ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ അത് ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.കാലങ്ങളേറെ കഴിഞ്ഞിട്ടും നിര്‍വചനങ്ങളില്‍ ഒതുങ്ങാത്തവര്‍ പ്രണയത്തിന്റെതീരത്തും അടുക്കുന്നു. കാമ്പസ് ബന്ധത്തിന്റെ പവിത്രത ഇന്ന് അണയുകയാണൊ?

പുതിയ തലമുറ വേര്‍പാടിന്റെ നിമിഷങ്ങളില്‍ നഷ്ടങ്ങളേയോര്‍ത്ത് സങ്കടപ്പെടുകയും പിരിഞ്ഞുപോകുന്ന സൌഹൃദങ്ങളെ ഓര്‍ത്ത് വിലപിക്കുകയും ചെയ്യുന്നുണ്ടോ...



ഒരു വേള, ഞാനും വീണ്ടുമാ സ്നേഹസൗഹൃദം പങ്കുവെയ്ക്കാന്‍ കാതോര്‍ത്തിരിക്കുന്നു.
സുഹൃത്ത്‌കാല ഓര്‍മ്മകള്‍ ചികയവേ 
മനസ്സില്‍ എത്തിയത് അവളുടെ മുഖമായിരുന്നു.
എന്റെ ആട്ടൊ ഗ്രാഫിന്റെ താളില്‍ സ്നേഹത്തെകുറച്ച് ഒരു വരി എഴുതിയിരുന്നു അവള്‍


"സ്നേഹം" രണ്ട് സുവര്‍ണ്ണലിപികളാല്‍ കടഞ്ഞെടുത്ത പ്രതീകമെന്ന് 
  അതിലൊന്ന് നീയും അതിലൊന്ന് ഞാനുമെന്ന്"

ആ കണ്ണുകളിലെ തീവ്രത ഞാന്‍ അറിയുന്നൂ

ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്
അവളുടെ വാക്കുകള്‍ക്ക് അഗ്നിയുടെ ചൂടായിരുന്നു എന്ന്.
ചിലപ്പോള്‍ മഞ്ഞിന്റെ തണുപ്പും
അതിലേറെ ആശ്വാസത്തിന്റെ തലോടലും.


വിരഹം പ്രകൃതിയുടെ നിയമമെന്നറിഞ്ഞിട്ടും, അര്‍ത്ഥശൂന്യമായ ഒരു ചെറുത്തുനില്പിനായി ഈ താളുകള്‍ മതിയാകുന്നില്ല എന്നറിഞ്ഞിട്ടും വേര്‍പാട് അനിവാര്യമാകുന്ന ഈ നിമിഷത്തില്‍ എനിക്കും പ്രകൃതിയുടെ വാതായനങ്ങള്‍ക്കപ്പുറം അകലേണ്ടിയിരിക്കുന്നു.ചുട്ടുപഴുത്ത ചിന്തകളുടെ മുള്‍മുനയില്‍ നിന്നും എനിക്ക് മുന്‍പേ അകന്നുപോയ എന്റെ ആത്മാവിനെ ഞാന്‍ കാണുന്നുവെങ്കില്‍ അതിന്റെ ഭാഷഎന്നെ തിരിച്ചറിഞ്ഞുവെങ്കില്‍ ഞാന്‍ എന്റെ മായാലോകത്തിന്റെ പടവുകളില്‍ എത്തിയിരിക്കുന്നു എന്ന് എനിക്കും ആശ്വസിക്കാം!!!

Tuesday, July 8, 2008

എനിക്ക് ഹൃദയമില്ലല്ലോ.. അതെന്നേ നഷ്ടപ്പെട്ടു.!!

ന്റെ ഓര്‍മകള്‍ക്ക് ഞാനിന്ന് ചിറകുകൊടുക്കുകയാണ് ..
പറഞ്ഞറിയിക്കുവാന്‍ പറ്റാത്ത സുഖകരമായ ഒരു നൊമ്പരം..
പടിയിറങ്ങുന്നത് ഇന്നലെകള്‍,  
മിഴികളില്‍ നിറകതിരുമായി കഴിഞ്ഞുപോകുന്ന കാലവും..അതിവേഗം..

പച്ചപുതച്ച വയലേലകളും നാട്ടുവഴികളും അമ്പലവും പള്ളിയും കാവുമൊക്കെയുള്ള എന്റെ ഗ്രാമത്തിന്റെ സുവര്‍ണ്ണതീരത്തിലേയ്ക്ക് ഞാന്‍ തലചായ്ക്കുകയാണ്



പണ്ട് കയ്യാലപ്പുറത്തുകൂടി ബാല്യകാല സഹപാഠിയുമായി നടന്നപ്പോള്‍ അവള്‍ എന്നെ തള്ളിയിട്ടപ്പോള്‍ അന്ന് എന്റെ കാലില്‍ മുള്ള് തറച്ചപ്പോള്‍ അന്നു ഞാനത് അമ്മയോട് പറഞ്ഞുകൊടുക്കും എന്നവളോട് പറഞ്ഞപ്പോള്‍ ആരും കാണാതെ എന്റെ കവിള്‍തടത്തില്‍ ഒരു ചുംബനം തന്നപ്പോള്‍, അതൊക്കെ ഇന്ന് ഓര്‍ക്കുവാന്‍ സുഖമുള്ള ഓര്‍മകളായി മനസ്സില്‍ തിരിതെളിയും എന്ന് ഞാന്‍ ഓര്‍ത്തതേ ഇല്ല. പിന്നെ പിന്നെ എന്റെ പ്രിയപ്പെട്ട സഖിയായി അവള്‍ മാറുകയായിരുന്നു, 
ജീവിതത്തിന്റെ ശിശിരത്തിലും,നിലാവിന്റെ താഴ്വാരങ്ങളിലും..

,,വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രണയം,,
ഇന്നും എന്റെ മനസ്സില്‍ തിളങ്ങി നില്‍കുന്ന പ്രണയം,
അവളെകുറിച്ച് ഞാനെഴുതിയ ഡയറിക്കുറിപ്പുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഓരോന്നായി മറിച്ചു നോക്കിയപ്പോള്‍ ഓരോ താളുകളിലേയും ഓരൊ വരികളും ഊതിക്കാച്ചിയ പൊന്നുപോലെ തിളങ്ങി നില്‍ക്കുന്നു. ആവരികളില്‍ ചിലത് എന്നെ 
ചിരിപ്പിച്ചിരുന്നുഎങ്കില്‍ ചിലത് എന്റെ കണ്ണുകളെ നനയിപ്പിച്ചൂ.
ആ സാമീപ്യം എന്റെ കയ്യെത്തും ദൂരെത്ത് ഉണ്ടെന്നൊരു തോന്നല്‍ എന്റെ മനസ്സിലേക്കോടിയെത്തും .അത് എന്റെ ദുഃഖത്തെ വര്‍ദ്ധിപ്പിക്കും..
അത് എന്റെ വിരഹത്തിന്റെ അഗ്നിയെ അണയിപ്പിക്കും.


അന്നവസാനമായി അവളോട് സംസാരിച്ചപ്പോള്‍ പറഞ്ഞവാക്കുകള്‍
ഇന്നും മറക്കാനായിട്ടില്ല 
എനിക്ക് ഹൃദയമില്ലല്ലൊ അതെന്നേ നഷ്ടപ്പെട്ടു..
ആ വാക്കുകളിലൂടെ അവളുടെ മനസ്സിന്റെ ഗദ്ഗദം ഞാന്‍ തിരിച്ചറിയുകയായിരുന്നു.
മിഴിയിണകളില്‍ ഉരുണ്ടുകൂടിയ ജലകണങ്ങള്‍ കൈലേസില്‍ ഒപ്പിയെടുത്ത് ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ക്കാനെ എനിക്കായുള്ളു..

പങ്കിട്ട്തീരാത്തസ്നേഹം മതിവരുവോളം ആസ്വദിക്കാന്‍ ഞാന്‍

എന്റെസ്വപ്നലോകത്തിന്റെ വാതായനങ്ങള്‍ അവള്‍ക്കായ് തുറന്നിരിക്കുന്നൂ


എത്ര കണ്ടാലും മതിവരാത്ത എന്റെ പ്രിയപ്പെട്ട സഖിക്ക്.
നിന്റെ കണ്ണുകള്‍ പോലെ പണ്ട് താമരവിരിഞ്ഞപ്പോള്‍..
നിന്റെ പരിഭവം ഞാന്‍ പരതുകയായിരുന്നു..
നിന്റെ മിഴിയിലെ നിസ്സഹായഭാവം പോലും എന്നെ നിന്നിലേക്കടുപ്പിച്ചൂ.
ആഹ്ലാദം സ്ഭുരിക്കുന്ന മിഴികളുമായി ഈ പുളകിതയാമം വശ്യസുന്ദരിയില്‍ 
എന്നെ എത്തിക്കുന്നു 

ഒരുപാട് പറഞ്ഞ് കഴിഞ്ഞപ്പോള്‍ വാക്കുകളില്‍ പതിഞ്ഞ അവളോടുള്ള സ്നേഹം എന്നെവിട്ടുപോയി.. പക്ഷെ ഇന്നെന്റെ ഹൃദയവേദനയായി എന്റെ കണ്ണുനീരായി എന്റെ ജീവന്റെ ജീവനായ് നീയെന്റെകൂടെയുണ്ട് എന്റെ പ്രിയപ്പെട്ട സഖിയായി.!!

Monday, June 16, 2008

സ്വപ്നങ്ങള്‍ പൂക്കുന്ന താഴ്വരയിലേയ്ക്ക്.!!

സ്വപ്നങ്ങളുടെ പറുദീസയായ ദുബായ് നഗരത്തിന്റെ തിരക്കുകളില്‍ സ്വയം മറന്ന്
ജീവിതലക്ഷ്യം തേടുന്ന ഓരോ പ്രവാസിയും അവന്റെ സ്വപ്നകൂട്
തീര്‍ത്തിരിക്കുന്നത് അമൂല്യമാ‍യ മുത്തുമണികള്‍ കൊണ്ടാണ്..
അവന്റെ വിയര്‍പ്പ് തുള്ളികള്‍ തന്നെ...


മിഴിയിതളില്‍ കണ്ണീരുമായി ആത്മാവിന്റെ തേങ്ങലുകളുള്‍ അടക്കി ജീവിതം
ഹോമിക്കുന്ന പാവം മലയാളി..
ഏതോ കിനാവിന്റെ നിഴലാളും തീരത്ത് പൊലിഞ്ഞുപോയ സ്വപ്നങ്ങളുംപേറി
ജീവിതവിജയത്തിന്റെ പുല്‍ക്കൊടിത്തുമ്പില്‍ ജീവിതം കാണുന്ന പ്രവാസി.


സ്വപ്നങ്ങള്‍ നെയ്ത് ഹൃദയത്തിന്റെ നോവുകള്‍ അടക്കി അവന്റെ
സ്വപ്നഭൂമിയില്‍ കഴിയുന്ന മറുനാടന്‍ മലയാളി..


അക്കരപ്പച്ച എന്ന് പറയുന്നത് എത്ര സത്യം!
അകലെയായിരുന്നപ്പോള്‍ ഇവിടെം എനിക്ക് എത്രസുന്ദരമായ സ്വപ്നമായിരുന്നൂ.
ആ അനുഭവം മനസ്സില്‍ കണ്ട് ഇവിടെ എത്തി പക്ഷെ ഇവിടെ
ഇത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത് എല്ലാം അക്കരപ്പച്ചയായിരുന്നു
എന്ന്. പച്ചപ്പും സുഗന്ധവും എല്ലാം എന്റെ മലയാളമണ്ണിനായിരുന്നു.!!

ഇവിടെ ഈ മണല്‍ക്കാട്ടില്‍ ശബ്ദത്തിന് പ്രതിധ്വനിക്കാന്‍ ആവില്ലല്ലൊ.
ആഴിപോലെ പരന്ന് കിടക്കുന്നപൂഴിപ്പരപ്പില്‍ നമ്മുടെ ചുണ്ടുകള്‍ക്കിടയില്‍കൂടി
പുറപ്പെടുന്നശബ്ദം ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം അകലങ്ങളിലേയ്ക്ക്
പറന്നു പറന്നു പോകുന്നൂ... അത്കൊണ്ടുതന്നെയാകും ഇവിടെനിന്നുള്ള കാതരമായ
വിളികള്‍പോലും കടലേഴും കടന്ന് രാജ്യാന്തരങ്ങളിലേയ്ക്ക് പറക്കുന്നത്



ഈ പ്രതിധ്വനിയില്ലായ്മ ബധിരകര്‍ണ്ണങ്ങളില്‍ പതിയ്ക്കുന്ന സംഗീതമാണ്..
ഓട്ടുപാത്രത്തില്‍ വീഴുന്ന വരദാനനമാണ്..
ഹൃദയത്തിന്റെ കോണില്‍ അലയടിക്കുന്ന സ്നേഹമാണ്..
പ്രതിധ്വനിക്കാത്ത ശബ്ദം പോലും കൂട്ടിനായി കൂടെകൂട്ടിയവര്‍ ആണ് പ്രവാസികള്‍

മനുഷ്യവികാരങ്ങളുടെ ഭാഷ,, അത് എന്താണ്..?
നാം ഒരോരുത്തരും അത് ആലോചിച്ചുനോക്കിയിട്ടുണ്ടൊ..?

വന്റെ ചിരിയുടെ ഭാഷയെന്താണ്..?
വന്റെ നിലവിളിയുടെ ഭാഷ എന്താണ്....?
വന്റെ വിശ്വാസത്തിന്റെ ഭാഷ എന്താണ്..?
വന്റെ വിശപ്പിന്റെ ഭാഷ എന്താണ്...?
വന്റെ പ്രണയത്തിന്റെ ഭാഷ എന്താണ്..?


സ്നേഹവും വിരഹവും അതിജീവിതത്തിന്റെ കാത്തിരിപ്പുമല്ലെ ഈ മണല്‍ക്കാട്ടില്‍
വെന്തുരുകുന്ന പ്രവാസിയുടെ ഭാഷ.!!


നഷ്ടസ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഈ മണലാരണ്യത്തില്‍ എത്തിയത്
ജീവിതം എന്ന വാക്കിന് അര്‍ത്ഥം തേടിയാണ്..
എന്നാല്‍ എല്ലാം നേടിയിട്ടും നഷ്ടസ്വപ്നവും അതിലെ കഥാ പാത്രങ്ങളും
ഇന്നും മനസ്സിന്റെ മണ്‍ചിരാതില്‍ കുടിയിരിക്കുന്നു.
പ്രവാസവിരഹത്തില്‍ ഞാന്‍ നിനക്കായ് ഉതിര്‍ക്കുന്ന
കണ്ണുനീര്‍ത്തുള്ളികള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു

ഇന്നും ഞാനെന്റെ ഗ്രാമമെന്ന സുന്ദരസ്വപ്നത്തെ ഓര്‍ത്ത് മിഴിനീര്‍പൊഴിയ്ക്കുന്നു.

അപ്പോഴൊക്കെ മനസ്സില്‍ ഓടിയെത്തുന്നത് ആ രാത്രിമഴയും, തുലാവര്‍ഷം
പെരുമ്പറകൊട്ടുന്ന ഇടിയും മിന്നലും, കിന്നാരം ചൊല്ലുന്ന പുഴയും,
ഈണത്തില്‍ കൂകിവിളിയ്ക്കുന്ന കുയിലും, പച്ചപ്പിന്റെ നറുമണം തൂകുന്ന
വയലേലകളും, നിലാവില്‍ കുളിച്ച രാത്രിയും, പഴയ ചങ്ങാതിമാരും
അതിനുമപ്പുറം ഓണവും വിഷുവും , ഉത്സവങ്ങളിലുമൊക്കെ പങ്കുവെച്ച കഥകളുടെപഴമ്പാ‍യയും
എന്റെ മനസ്സിനെ ഇന്നും പ്രകമ്പനം കൊള്ളിക്കുന്നു.
ജീവിത വല്മീകത്തിലെ മൂകവികാരങ്ങളുടെ അടിസ്ഥാനം എല്ലാം നമുക്കിന്ന്

വ്യര്‍ത്ഥമായിക്കൊണ്ടിരിക്കുകയല്ലെ. കളിയും ചിരിയും പങ്കിട്ട നാളുകളില്‍ നാടിന്റെ ഓര്‍മയുണര്‍ത്തുന്ന സുന്ദര സ്വപ്നങ്ങളും പേറി പിന്നിട്ട നല്ല കാലത്തിന്റെ നഷ്ടബോധത്തില്‍
ഉതിര്‍ന്ന കണ്ണുനീരില്‍ മനസ്സ് കലങ്ങി തെളിയുമ്പോള്‍, ഏകാന്തത വീണ്ടും മഴയായി, സഹയാത്രികനായി വരികയാണ്..


ലോകത്തിലെ കഴ്ചകള്‍ പലതാണ്
വര്‍ണ്ണകാഴ്ചകളുടെ ആഭയില്‍ മയങ്ങിയാലും അതിനു താഴെയുള്ള ജീവിതങ്ങള്‍
കാണുവാന്‍ കഴിയുമ്പോഴാണ് നമ്മുടെയൊക്കെ കാഴ്ചകള്‍ പൂര്‍ണ്ണമാകുന്നത്.

ഓര്‍മകളുടെ മധുരവും സംഗീതവും നിറഞ്ഞ സ്നേഹത്തിന്റെ,വസന്തകാലത്തിന്റെ ,
തിരശീലയില്‍നിന്നും കരുത്ത് നേടിയ എന്റെ സ്വപ്നവും പേറി ഇന്നത്തെ
സൃഷ്ടീകളുമായി നാളെയുടെ ഇന്നലെകള്‍ക്കായ് കരുതിവെയ്ക്കുന്ന പഴമ്പാട്ടുമായി
എനിക്ക് ലഭ്യമായ പരമാവധി മാത്രകളുമായി ഞാനും യാത്രയാകുന്നു എന്റെ
സ്വപ്നങ്ങളുടെ പറുദീസയിലേയ്ക്ക്.!!


Monday, March 10, 2008

എവിടേ..... ദൈവമേ..... സത്യമെന്ന രത്നം....?


ചിന്തകൊണ്ട് മാലാഖമാരേയും വചനം കൊണ്ട്
മനുഷ്യനേയും സൃഷ്ടിച്ച ദൈവത്തിന് സ്തുതി.!!


ജീവിതം ഒരിയ്ക്കലും അഭിനയം ആകില്ലല്ലോ..
അഭിനയം ഒരിയ്ക്കലും ജിവിതവും
പക്ഷെ ഇവിടെ പലരും ജീവിയ്ക്കാന്‍ വേണ്ടി അഭിനയിക്കുന്നൂ..

ആരോ കറക്കിവിട്ട പമ്പരം പോലെ അതിനിടയില്‍ കറങ്ങിതിരിയുന്നു
ഈ മന്‍ഷ്യജന്മം.അവിടെ നീര്‍ക്കുമിളകള്‍ പോലെയുള്ള ഈ ജീവിതം..
ബന്ധനങ്ങളുടേയുംബന്ധങ്ങളുടേയുംഇടയില്‍ചരട്പൊട്ടിയ ഒരു പട്ടംപോലെ

തലമുറയുടെ അന്തരം ഇങ്ങനെതുടരുമ്പോള്‍ മനുഷ്യന്‍ മനുഷ്യനല്ലാതെയാകുന്നു.
അവന്റെയുള്ളില്‍ എല്ലാം വെട്ടിപ്പിടിയ്ക്കണമെന്ന മോഹമാണ്

സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായ് ബന്ധങ്ങളോടും
ബന്ധനങ്ങളോടും കണക്കുപറയുന്ന കാലം.

ബന്ധങ്ങളുടെയും ബന്ധനങ്ങളുടേയും കാലം കഴിഞ്ഞൂ
ഇന്ന് അതൊക്കെ ഓര്‍മകള്‍ മാത്രം


എന്നെങ്കിലും മനുഷ്യന്‍ ഇതൊക്കെ സ്വയം അവന്റെ മനസാക്ഷിയോട്
ചോദിച്ചിട്ടുണ്ടാകുമൊ..?രാജ്യം വെട്ടിപിടിയ്ക്കാന്‍ പോകുന്നവന്‍
രണഭൂമിയില്‍ വെച്ച് ഈ ചോദ്യം സ്വയം ചോദിക്കുമ്പോഴാണോ അവന്‍

മനുഷ്യനുമായി ഇത്തിരി ഒന്ന് അടുക്കുന്നത്..?

എല്ലാ കുതിച്ചുചാട്ടങ്ങളും വിഫലമായ ഒരു യത്നമാണെന്ന് അറിയുന്ന

നിമിഷം ആത്മാവിന്റെ തേങ്ങലുകള്‍ അടയ്ക്കാന്‍ പറ്റാതെ വരുമ്പോഴാണൊ
മന്‍ഷ്യന്‍ ഭൂമിയുടെ അപാരതകളിലേയ്ക്ക് ആഴ്നിറങ്ങുന്നത്.?


നമുക്കൊക്കെ നഷ്ടമായികൊണ്ടിരിയ്ക്കുന്ന ഗ്രാമ സൌന്ദര്യം സ്നേഹത്തിന്റെ
ആ വസന്ധകാലംനാം ഓരോരുത്തരും ഇടനെഞ്ചില്‍ കൂടുകൂട്ടി

ഓര്‍മ്മിക്കുന്ന ആ നല്ലകാലം.സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും
സര്‍വ്വോപരി ഐശ്യര്യത്തിന്റേയും തറവാടായ നമ്മുടെ കേരളം.
ഒരോ പ്രവൃത്തിയും ഭൂമിക്ക് കുളിരുപകരാന്‍

നമ്മള്‍ ആരെങ്കിലും മെനക്കെടാറുണ്ടൊ..?

നാട്ടിന്‍ പുറങ്ങള്‍ നഗരങ്ങളായി പുരോഗമിക്കുന്നൂ
ഇനി ഒരു പച്ചപ്പിനായ് നമുക്ക് എവിടെ അലയണം..
നമ്മുടെ ലക്ഷ്യങ്ങള്‍ക്കായ് ഒരു ദേശവും നമ്മളെ കാത്തു കിടക്കുന്നില്ല
പ്രകൃതി ഔദാര്യം കൊണ്ട് നീട്ടിയ ഇത്തിരി കനിവ് കൊണ്ട്
സംതൃപ്തരാവുന്ന തലമുറയല്ല ഇന്നത്തേത്...
അവസാനത്തെ തുള്ളിയും ഊറ്റീയാലെ ഇന്നത്തെ തലമുറയ്ക്ക് തൃപ്തിവരു
അവന്റെ ആഗ്രഹങ്ങള്‍ ഇങ്ങനെ സാഗരമായി മാറുന്നു അതിന്റെ

അടങ്ങാത്ത അലകളെ പിടിച്ചുനിര്‍ത്താന്‍ അവനു ഇനിയും കഴിയുന്നില്ല

ഓര്‍മയുടെ തംബുരുവില്‍ മധുരമാം കാലത്തിലെ ഓര്‍മകള്‍ക്കും ഒരു സുഖം
മനസറിയാതെ മുജ്ജന്മത്തിലേയ്ക്കൊരു പ്രയാണം

നമ്മളൊക്കെ പ്രകൃതിയുടെ വെറും പാഴ്മരങ്ങള്‍ മാത്രം

മനുഷ്യമനസ്സിന്റെ പലസമസ്യകളുടേയും ഉത്തരം നമുക്കറിയില്ലല്ലൊ

പലപ്പോഴും തിരക്കിനിടയില്‍ മാറിനിന്ന് ഞാന്‍ ഒരോരുത്തരേയും
വീക്ഷിക്കും എന്തിനും ഏതിനും തിരക്ക് പിടിച്ച് ഓടുന്നവര്‍ പക്ഷെ
ഒന്നിനേയും തുടര്‍ച്ചയായ് നോക്കാന്‍ കഴിയാറില്ല..
ഒന്നിനേയും മൌലികമായി മനസ്സിലാക്കാനും ..

പലപ്പോഴും തോന്നിപ്പോകാറുണ്ട്
ജീവിതം ഒരു മരീചികയാണെന്ന്..

ഈ ലോകത്ത് ആരോടൊക്കെ ആരൊക്കെ ആത്മാര്‍ത്ഥത
കാണിക്കുന്നൊ അവരൊക്കെ അവര്‍ക്ക് ആവശ്യമില്ലാതെ വരുന്നൂ
അല്ലെങ്കില്‍ കാലം ആവശ്യമില്ലാത്തവരായ് മാറ്റുന്നൂ..

പക്ഷെ സ്നേഹം... അത് പകര്‍ന്ന് നമ്മള്‍ കൊടുക്കുന്നു
എങ്കില്‍ അകമഴിഞ്ഞ് തന്നെ ആരില്‍ നിന്നെങ്കിലും തിരികെ ലഭിക്കും

എന്തൊക്കെ ഈ ലോകത്ത് നടക്കുന്നു.

എവിട ദൈവമേ സത്യമെന്ന രത്നം..?

എവിടെ ദൈവമേ സ്നേഹമെന്ന മനസാക്ഷി....?

എന്റെ മനസ്സാക്ഷികോടതില്‍ ഞാന്‍ വിധിച്ചൂ..

ഈ ലോകത്തില്‍ സത്യമായ സ്നേഹം എന്നൊന്നില്ല
എല്ലാം പൊള്ളയായ വാക്കുകള്‍ മാത്രം
ആര്‍ക്കും ആരുടേയും ആരും ആകാന്‍ കഴിയില്ല എല്ലാം
ആരോ പറഞ്ഞ് വെച്ചത്പോലെയുള്ള ഓരോ നിബന്ധനകള്‍ മാത്രം

ആരൊക്കയൊ ആര്‍ക്കൊക്കയോ വേണ്ടി കാത്തിരിക്കുന്നു ഇല്ലെങ്കില്‍ എന്നേ

തീര്‍ന്നേനെ ഈ മനുഷ്യജന്മം...

ആരുടെയൊക്കയോ കണ്ണുനീര്‍തുള്ളി സാക്ഷിയാകുന്ന ആ ദിവസം വരും

എനിക്കും പോക്കേണ്ടി വരും നിഷേധിക്കപ്പെട്ട സ്നേഹവും നഷ്ടപ്പെട്ട
കാരുണ്യവും ഉള്ള അകലങ്ങളിലെ ആ നിലാവിലേയ്ക്ക്

ആവശ്യം കഴിയുമ്പോള്‍ കറിവേപ്പിലയേക്കാള്‍ വേഗത്തില്‍
വലിച്ചെറിയുന്ന രക്തബന്ധങ്ങളെ ഓര്‍ത്തുപോകുന്നു

എല്ലാം മടുത്തൂ. സ്നേഹവും കരുണയും എല്ലാം പൊള്ളയായ
വാക്കുകള്‍ മാത്രം ഇപ്പോള്‍ കടമായിട്ട് പോലും സ്നേഹം കിട്ടാനില്ല
ഇങ്ങനെ ഒരു ജന്മം വേണ്ടീല്ലാരുന്നു എന്ന് തോന്നുന്നു


ഞാനും യാത്രയാകും ഈ ബന്ധങ്ങളുടേയും ബന്ധനങ്ങളുടെയും
ലോകത്തുനിന്ന്. ആരോടും ഒരു യാത്രാമൊഴി പറയാതെ ആരും
എന്നെ തിരിച്ചറിയാത്ത ഒരു ലോകത്തിലേയ്ക്ക്

ചിന്തകളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഈ ലോകത്തില്‍
ആത്മാര്‍ത്ഥ സ്നേഹം എന്ന് ഒന്ന് ഉണ്ടൊ..?


ഇലകള്‍ കൊഴിയും പോലെ ദിനങ്ങള്‍ ഒന്നൊന്നായി പൊഴിയുകയാണ്..
എന്നെങ്കിലും എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കും എന്ന പ്രതീക്ഷ്യയില്‍
കാലം കാണിച്ചവഴിത്താരയിലൂടെ ഇനിയെത്രനാള്‍ തുടരണം ഈ യാത്രയെന്നറിയില്ല


ഇന്നത്തെ സമൂഹത്തിന്റെ ചട്ടക്കൂടുകളള്‍ക്കപറുമുള്ള ഒരു ലോകത്തെക്കുറിച്ച്
ഇനിയും പഠിയ്ക്കെണ്ടിയിരിക്കുന്നൂ.മൂടുപടം നിറഞ്ഞ് അപാരതതകള്‍കൊണ്ട്
നിറഞ്ഞ ഈ ലോകത്തെക്കുറിച്ച് ഞാന്‍ ഒന്ന് ആലോചിച്ചുപോയി
ഈ ലോകത്തോട് മല്ലടിച്ച് എനിയ്ക്ക് സായത്ത്വമാക്കാന്‍ രഹസ്യങ്ങള്‍
ഇനിയും ഉണ്ട് വിദിയുടെ കൊടുമുടിയില്‍ ജീവിതസുഖം തേടിയലയുന്ന
മനുഷ്യമനസ്സിന്റെ ഉള്‍ക്കോണിലെ ചില നഗ്നസത്യങ്ങള്‍ തേടിയലയുകയാണ് ഞാനിന്ന്..

ഇത്രയും നാള്‍ എനിക്ക് കൂട്ടായി കിട്ടിയത് ആര്‍ക്കും വേണ്ടാത്ത ഒരുപിടി
സ്വപ്നങ്ങള്‍ മാത്രം, മനസ്സിലെ മണ്‍ചിരാതില്‍ നിന്നും പ്രതീക്ഷ്യയുടെ
അവസാന നാളവും അണയുകയാണോ .....
എല്ലാ മനുഷ്യനും പ്രതീക്ഷകളാണൊ മുതല്‍ക്കൂട്ട്..?

നിരാശയില്‍ മുങ്ങിതാന്നുകൊണ്ടിരിയ്ക്കുന്ന ഓരോമനുഷ്യജീവിയുടേയും
പിടിവള്ളി അവന്റെ പ്രതീക്ഷ്യയായിരിയ്ക്കാം.


കാലം മറക്കാത്ത ഓര്‍മകളില്‍ അക്ഷരങ്ങള്‍ കൊണ്ട് മനസ്സില്‍
കുറിച്ചിട്ട ഓര്‍മകള്‍ക്ക് കണ്ണുനീരിന്റെ നനവോ അതോ പ്രകൃതിയുടെ നോവോ..?


ആരും ആരോടും പറയണ്ടാത്ത ഒരു മൊഴിയുണ്ട് “യാത്രാമൊഴി
വേര്‍പാ‍ടുകളുടെ നിമിഷങ്ങളില്‍ അനിവാര്യമായ പദക്ഷാമം അത്
ഞാനുമറിയുന്നു അന്‍പത്തിയാറക്ഷരങ്ങള്‍ എന്റെ മനസ്സിനെ കടലാസ്സില്‍
പകര്‍ത്താന്‍ മതിയാകുന്നില്ലെന്ന്, അതിനാല്‍ കൂടുതല്‍ അക്ഷരങ്ങള്‍ക്കായി
കാത്തിരിയ്ക്കാം, ഞാന്‍ അറിയാതെ തുടങ്ങിയ ഈ ജീവിതംപോലെ ഈ
അക്ഷരങ്ങളും വെറുതെ വെറുതെ തുടങ്ങിയതാണ്..
ഒടുക്കമില്ലാത്ത തുടക്കത്തിനായ്..


ഇനി ഒരു പുലരിയ്ക്കായ് നമുക്ക് കാതോര്‍ക്കാം
നന്മയും സ്നേഹവും വാത്സല്യവും ഇടകലര്‍ന്ന
ഒരു ലോകത്തെ നമുക്ക് സ്വപ്നം കാണാം

ഇന്നലെയില്‍ നിന്ന് ഇന്നിലേയ്ക്കും ഇന്നില്‍ നിന്ന് എന്നിലേയ്ക്കും
എന്നില്‍ നിന്ന് നിന്നിലേയ്ക്കും ഞാന്‍ നടന്ന്തീര്‍ക്കുന്ന വഴിദൂരമാണ് ഈ ജീവിതം,
പാഥേയമില്ലാത്ത ഈയുള്ളവന്റെ ഈ യാത്രയില്‍വീണുകിട്ടിയ
ചില മുഹൂര്‍ത്തങ്ങളെ അടിസ്ഥാനമാക്കി കുറിച്ചത്.

Sunday, February 24, 2008

ഞാന്‍ കണ്ട ബൂലോകം.!!

[ര്‍ക്കുട്ടിലധികം കൂട്ടുകാരില്ലാത്തവനാണ് ഞാന്‍. അങ്ങിനെയധികമാരും
ഫ്രണ്ട് റിക്വസ്റ്റുകള്‍ അയയ്ക്കാറുമില്ല. നേരിട്ടറിയുവാന്‍ കഴിയുന്ന കുറച്ചു കൂട്ടുകാര്‍,
അതായിരുന്നു എനിക്ക് ഓര്‍ക്കുട്ട്. സ്ക്രാപ്പുകളുടേയും ടെസ്റ്റിമോണിയലുകളുടേയും
ഫാന്‍സിന്റേയും എണ്ണമെടുത്ത് പറഞ്ഞ് ഞെളിയാന്‍ തക്കവണ്ണം ആരും എന്റെ
ഫ്രണ്ട് ലിസ്റ്റിലുമില്ല. വല്ലപ്പോഴും വന്ന് നോക്കുമ്പോള്‍ കാണുന്ന ഒന്നോ രണ്ടോ
സ്ക്രാപ്പുകള്‍ക്ക് മറുപടിയിട്ട് മടങ്ങുക, അതായിരുന്നു എനിക്ക് ഓര്‍ക്കുട്ട്.അങ്ങിനെ സ്ക്രാപ്പുകളെന്തെങ്കിലുമുണ്ടോ എന്നൊന്നു നോക്കുവാനെത്തിയതാണ് അന്നും
ഞാന്‍. പക്ഷെ, എനിക്ക് പരിചയമില്ലാത്ത ഒരു മുഖം, ഫ്രണ്ട് റിക്വസ്റ്റ്
അയച്ചിരിക്കുന്നു. അധികമാരും കൂട്ടുകൂടുവാനെത്താത്ത
എന്റെ പ്രൊഫൈലില്‍ ഒരു സൌഹൃദം ..]

ഇത് വായിക്കുന്നവരോട് ഒരു കാര്യം.. ഇത് എന്റെ വരികള്‍ അല്ലാ.. ഞാന്‍
കടമെടുത്തതാണ് നമ്മുടെ ഹരിയുടെ ഇവിടെ
ബ്ലോഗില്‍ നിന്നും..
ഞാന്‍ എന്തിനാണ് ഇത് കടമെടുത്തത് എന്നായിരിക്കും അല്ലെ പറയാം..


ഏകദേശം ഒന്നൊന്നരവര്‍ഷം മുന്‍പ് അന്ന് എനിക്ക് തോന്നുന്നു
ഈ ഓര്‍ക്കുട്ട് കൂട്ടായ്മയും ബൂലോകവും ഒക്കെ സജീവമായിക്കൊണ്ടിരിയ്ക്കുന്നതെ
ഉള്ളു . അത് ചിലപ്പോള്‍ എന്റെ തോന്നലും ആകാം,

ഒരിയ്ക്കല്‍ ഞാന്‍ ഒരു ബ്ലോഗ് കണ്ടൂ ഹരിയുടെ..
അന്നാണ് സത്യം പറഞ്ഞാല്‍ ആദ്യമായി ഞാന്‍ കാണുന്ന മലയാളം ബ്ലോഗ്.
ശരിയ്ക്കും അമ്പരപ്പോ അതിശയമോ തോന്നിയിരുന്നു മനസ്സില്‍..
എങ്ങനെ ഇതൊക്കെ ഇത്രയും ചടുലതയോടെ അതും മലയാളത്തില്‍ എഴുതുന്നൂ.
ഒരുപാട് ആലോചിച്ചു ഒരുപിടിയും കിട്ടിയില്ലാ പിന്നെ ആലോചിച്ചു സ്കാന്‍ ചെയ്തു
അപ് ലോഡ് ചെയ്തതായിരിക്കാമെന്ന്, പക്ഷെ എന്നാല്‍ എങ്ങനെ കോപ്പി
ചെയ്യാന്‍ പറ്റുന്നു പിന്നെ അതും ഒരു സംശയമായി സംശയങ്ങള്‍ പിന്നെയും ബാക്കിയായി

എന്തായാലും മുകളില്‍ പറഞ്ഞ വരികള്‍കടമെടുത്ത് എന്റെ ഒരു
സുഹൃത്തിന് അയക്കുകയും ചെയ്തു ..
അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞു
അങ്ങനെ സ്ക്രാപ്പുകളെന്തെങ്കിലുമുണ്ടോ എന്നൊന്നു നോക്കുവാനെത്തിയതാണ്
അന്നും ഞാന്‍. പക്ഷെ, എനിക്ക് പരിചയമില്ലാത്ത ഒരു മുഖം,
ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരിക്കുന്നു പേരറിയാം പക്ഷെ ഞാന്‍ നോര്‍മ്മലീ
ചോദിക്കുന്ന ഒരു ചോദ്യം ചോദിച്ചൂ..
ഡൂ യൂ നോമീ...? 

പക്ഷെ തിരികെ വന്ന മറുപടി ഞാന്‍ പ്രതീക്ഷിക്കാത്തതില്‍ അപ്പുറം ആയിരുന്നു.



[ ഇങ്ങനെ ഒരു ചോദ്യം ഞാനായിരുന്നു ആദ്യം ചോദിക്കേണ്ടി
ഇരുന്നത് തനിക്ക് ഇപ്പൊ എന്നെ മനസ്സിലായില്ലായിരിക്കാം പക്ഷെ
ജനിച്ച മണ്ണും വളര്‍ന്ന ചുറ്റുപാടും നീ ഓര്‍ക്കുന്നു എങ്കില്‍ തനിക്ക്
എന്നെ മനസ്സിലാകും ഇതായിരുന്നു ആ സ്ക്രാപിന്റെ ഉള്‍വശം]


തികച്ചും ആകസ്മികമായ ഈ മറുപടി കണ്ട് ഞാന്‍ ഒന്ന് ഞെട്ടി..
കാരണം ഇതില്‍ പറഞ്ഞത് പോലെ ഒരു സൌഹൃദം ഇഷ്ടപ്പെടണമെങ്കില്‍
എന്നെ അത്രയ്ക്ക അറിയാവുന്ന ഒരാള്‍ ആയിരിയ്ക്കണം
[അതും ഒരു പെണ്ണ്]
അന്ന് ഓര്‍ക്കുട്ടില്‍ ഞാന്‍ പേരുപോലും വെച്ചിരുന്നില്ലാ.
ഒരു ബാല്യകാല ഫോട്ടൊ മാത്രം അതിലൂടെ എന്നെ തിരിച്ചറിയണമെങ്കില്‍
എനിക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആയിരിയ്ക്കണം അവള്‍ എന്ന് ഞാന്‍ തീര്‍ച്ചയാക്കി..
എങ്കിലും ആകാംഷയുടെയും ജിജ്ഞാസയുടേയും കാഴ്ചപ്പാടുമായി
ഞാന്‍ പിന്നെയും ഒരു മറുപടി അയച്ചൂ
പ്ലീസ് ഹൂ ആര്‍ യൂ.. 

പിറ്റേന്ന് രാവിലെ അവളുടെ മറുപടിയ്ക്കായ് ഞാന്‍ ഓര്‍ക്കുട്ട്
സ്ക്രാപ് ബുക്ക് നോക്കിയപ്പോള്‍ കണ്ടത്
[if u dont mind this is my lines pls use ur lines]
ഇത് നമ്മുടെ ഹരിയുടെ മറുപടി ആയിരുന്നു.

അന്ന് ഞാന്‍ ഹരിയുടെ ഈ വരികള്‍ കണ്ടപ്പോള്‍ വല്ലാതെ വേദനിച്ചൂ.
കാരണം അന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നില്ലാ
ഹരിയുടെ വരികള്‍ എടുത്തുഞാന്‍ സ്ക്രാപ് ചെയ്തപ്പോള്‍ ഹരിയ്ക്ക്
എങ്ങനെ ഫീല്‍ ചെയ്യുമെന്ന്..

നേരത്തെ പറഞ്ഞത് പോലെ ഹരിയുടെ വരികള്‍ ഞാന്‍ എടുക്കാന്‍ കാരണം
ആ വരികള്‍ ശെരിക്കും ജീവനുള്ളതുപോലെ തോന്നി കാരണം അതില്‍
പറഞ്ഞിരുന്നത് പോലെ വര്‍ഷങ്ങളുടെ നീണ്ടഇടവേളയ്ക്ക് ശേഷം ഒരു
സുഹൃത്ത് എന്നെതേടി വന്നു പക്ഷെ അന്നുതന്നെ ഞാന്‍ കാത്തിരുന്ന
ആ മറുപടിയും എനിക്ക് കിട്ടി.ഞാന്‍ വര്‍ഷ. ഓര്‍ക്കുന്നുവൊ താന്‍..?
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം എനിക്ക് തന്നെ മനസ്സിലായി

[ഈ വര്‍ഷ എന്റെ ബാല്യകാല സഹപാഠിയാണ്]
അത് ഒരിയ്ക്കല്‍ ഞാന്‍ ഇവിടെ പോസ്റ്റിയതും ആണ്.
അതിലെ വൃന്ദ ഈ വര്‍ഷയാണ്. 


എനിക്കെന്തൊ വല്ലാത്തൊരു സന്തോഷം വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും
അന്നത്തെ ബാല്യകാല സുഹൃത്തിനെ അവള്‍ ഇന്നും ഓര്‍ത്തല്ലൊ..


അറിയാതെയാണെങ്കിലും ആ വരികള്‍ക്ക് ജീവന്‍ വെച്ചപോലെ തോന്നീ
വര്‍ഷ അത് കണ്ടിട്ടാണത്രെ എന്നെ കുറിച്ച് അറിയാന്‍ ശ്രമിച്ചതും..
അന്ന് ചിലപ്പോള്‍ ആ വരികള്‍ ഞാന്‍ കടമെടുത്തില്ലായിരൂന്നെങ്കില്‍
എന്റെ ബാല്യകാലസഹപാഠിയെ ചിലപ്പോള്‍ എനിക്ക് കിട്ടുകയില്ലായിരിയ്ക്കാം.


പിന്നെ അന്നുതന്നെ ഹരിയ്ക്ക് ഒരു മൈല്‍ അയച്ചൂ കുറേസോറിയും
അതിന്റെ കാരണവും. പക്ഷെ ഹരി എനിയ്ക്ക് ആഴ്ചകളോളം ഒരു ഹായ്
പോലും പറഞ്ഞിട്ടില്ലാ.. ശെരിക്കും അപ്പോള്‍ മനസ്സില്‍ ഒരു വിഷമം
ആയിപ്പോയി .. പിന്നെ പിന്നെഅറിയാതെ മലയാളത്തെ ഒത്തിരിയങ്ങു
ഇഷ്ടപ്പെട്ടുപ്പോയി..ഗല്‍ഫിലെ ഏകാന്തതയുടെ ഖനം തൂങ്ങിയ മൌനത്തിലും
നാടും വീടും നാട്ടുകാരും മലയാളവും ഒക്കെയായി അങ്ങനെ കടന്നുപോയി
പിന്നെ പിന്നെ ഞാന്‍ അറിയാതെതന്നെ എന്തക്കയോ എന്റെ
മുന്നിലുള്ളതൊക്കെ തൂലികതുമ്പില്‍ പകര്‍ത്താല്‍ ഒരു ശ്രമം നടത്തി..


ഞാന്‍ നടന്നകന്ന വഴികളും ഞാന്‍ കണ്ട സ്വപ്നങ്ങളും ഞാന്‍ പരിചയപ്പെട്ട
സുഹൃത്തുക്കളും അങ്ങനെ മനസ്സില്‍ തിരിതെളിയിച്ചവരെയൊക്കെ കുറിച്ചു
എഴുതി..പിന്നെ പിന്നെ തൂലികതുമ്പില്‍ വിരിയുന്നത് വര്‍ണ്ണങ്ങളാക്കാന്‍
ഞാന്‍ ശ്രമിച്ചൂ.. ഞാന്‍ ഇന്നും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നുണ്ടെങ്കില്‍
ഹരിയുടെ ആ ബ്ലോഗ് കണ്ടതിന്റെ അടിസ്ഥാനത്തിലാണ്..
ഞാന്‍ നടന്നകന്ന വഴികളൊന്നും മറക്കാറില്ലാ ഹരേ....
എനിക്ക് എഴുതിത്തുടങ്ങാന്‍ പ്രേരണയായ ആ വരികള്‍ ഞാന്‍
ഇന്നും ഓര്‍ത്തല്ലെ പറ്റൂ.. ആ വരികളില്‍ നിന്നായിരുന്നു എന്റെ തുടക്കം
അത് ഞാന്‍ എവിടേയും പറയുംഒരു പക്ഷെ ഹരി അന്ന് അങ്ങനെ
പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്നു ഒരു വരിപോലും എഴുതുകയില്ലായിരുന്നു..
അന്നു മനസ്സില്‍ തോന്നിയ ആ വേദന ഇന്നു എന്റെ വരികള്‍ക്ക്
വര്‍ണ്ണങ്ങളാക്കാന്‍ എനിക്ക് കഴിയുന്നു എന്ന് പറയാം..
പക്ഷെ ഇന്ന് ഞാന്‍ പറയും സ്ക്രാപ്പുകളുടേയും ടെസ്റ്റിമോണിയലുകളുടേയും
ഫാന്‍സിന്റേയും എണ്ണമെടുത്ത് ഞെളിയും എന്ന് ....
അതിന് എനിക്ക് കഴിവുണ്ടാക്കിത്തന്ന മലയാളത്തെ ഞാന്‍ ഇന്നും സ്നേഹിക്കുന്നു.
ആരും അറിയാത്ത പ്രണയങ്ങള്‍ക്ക് വൈകാരികത ഏറുന്നത് പോലെ.
എന്റെ ഭാഷാ പ്രണയവും അതു പോലെ.....
 
ചോദ്യങ്ങളുടെ ഇടയില്‍ നഷ്ടപ്പെട്ടുപോയ വെളിച്ചം തേടി ഞാന്‍ അലയുന്നൂ...!!


ജീവിതം കരുപ്പിടിപ്പിക്കാനുള്ള തിരക്കില്‍ അറിയാതെയെങ്കിലും
നാമെല്ലാം നമ്മുടെ മലയാളത്തെ മറക്കുന്നില്ലെ....
പ്രത്യേകിച്ചു മറു നാട്ടിലെ തിരക്കുകളില്‍.......
സ്നേഹിക്കൂ മലയാളത്തെ..ആ സ്നേഹം ഭൂമി ദേവി എന്നെങ്കിലും തിരികെ നല്‍കും.!!

Friday, February 22, 2008

എന്റെ നീലാംബരിയ്ക്ക്.!!

നീലാംബരിയുടെ സൌന്ദര്യം വിരിയുന്ന നിന്‍ മന്ദഹാസവും മഴവില്ലിന്‍
ഏഴുവര്‍ണ്ണങ്ങളും ചാലിച്ച് നീ നല്‍കിയ സുന്ദരനിമിഷങ്ങളുടെ ഓര്‍മകള്‍
മനസ്സിന്റെ മണിച്ചെപ്പില്‍ നനുത്ത മഴയായ് പൊഴിയുന്നൂ.
സ്നേഹിച്ചുകൊതിതീരാത്ത ഈ ആത്മ ബന്ധത്തിന്
എവിടെയായിരുന്നു തുടക്കമെന്ന് ഓര്‍മയില്ല...

ശ്യാമമേഘങ്ങള്‍ നിറഞ്ഞ ഒരു ഇരുണ്ട രാത്രിയില്‍ മേഘക്കീറുകള്‍ക്കിടയില്‍
പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു അമ്പിളികീറിന്റെ
ഓര്‍മയുണര്‍ത്തുന്ന നിമിഷങ്ങള്‍ ആയിരുന്നു അന്ന്.

ഏതോ നിഴലാടും നേരത്ത് പുല്‍കൊടിതീരത്ത് നീ കാത്തിരിയ്ക്കെ നിന്‍
ആത്മമോഹവും നൊമ്പരവും തൊട്ടറിഞ്ഞ് ,കാതങ്ങള്‍ക്കപ്പുറം കാറ്റിലുലയുന്ന
ഹൃദയഗീതത്തിലൂടെ ഞാനും.
ഒരുതളിര്‍ലതയോ പൂവിന്‍ ദളമോ ഞെട്ടറ്റ് വീണാലും നോവുന്നു നീ....
രാമഴയേറ്റാലും രാക്കുളിരേറ്റാലും യാമങ്ങളോട് പരിണമിയ്ക്കും.

"ഒരു മഴതുള്ളിയുടെ നനവോടെ , എന്റെ ഓര്‍മ്മകളുടെ, നൊംബരങ്ങളുടെ,
സ്വപ്നങ്ങളുടെ ഇടവഴികളിലൊക്കെയും എനിക്കു കൂട്ടു വന്നു.
യുഗങ്ങളുടെ അടുപ്പമുണ്ടാകാം ഞങ്ങളുടെ മനസ്സുകള്‍ തമ്മില്‍ പക്ഷെ..
ഒരിക്കല്‍പോലും കണ്ടിട്ടില്ലാ "


എങ്കിലും എന്റെ സ്വപ്നങ്ങളില്‍ നിറയുന്നത് നീയും......... നിന്റെ
സ്വപ്നങ്ങളില്‍ ഞാന്‍ നിറയാത്തത് നമ്മളില്‍ ആരുടെ നിര്‍ഭാഗ്യം കൊണ്ടാണ്?

അവള്‍ ആരോ.... ആ വരികളിലൂടെ വാക്കുകളിലൂടെ അവളുടെ മൌനം
ഞാന്‍ തിരിച്ചറിയുകയായിരുന്നു. പക്ഷെ ആ മൌനത്തില്‍ നിന്നും
അവളുടെ മനസ്സിന്റെ താളം ഞാന്‍ മനസ്സിലാക്കി..
ചൂളപോലെ എരിയുന്ന മനസ്സുമായി പലനാളും അവള്‍ ഉരുകുന്നുണ്ടായിരുന്നു..
അവളുടെ ഓരോവാക്കും അനുഭവിച്ചു കൊതിതീരാത്ത ഒരു സ്നേഹത്തിന്റെ
നിര്‍വചനമായിരുന്നു,, ആര്‍ക്കൊ വേണ്ടി എന്തിനോവേണ്ടി
അവള്‍ ഒരു കൂട്ടിലടച്ചക്കിളിയേപോലെ കൂട്ടിനുള്ളില്‍ കിടന്ന്
ചിറകടിച്ചുകരയുന്നു..അവള്‍പൊഴിച്ചിട്ട തൂവലുകളിലെല്ലാം
വിരഹവിഷാദമുണര്‍ത്തുന്ന തേങ്ങലുകളും കാണാമായിരുന്നു.
എങ്ങോ മറഞ്ഞിരിയ്ക്കുന്ന ആ നിലാവിന്റെ തീരത്ത് ഒരു
സ്നേഹജ്വാലയായ് ഒരു പുതുമഴയായ് ,അന്ന് ഞാന്‍ അവള്‍ക്കരികില്‍ എത്തി...
അവള്‍ എന്റെ ആത്മമിത്രമായ്....


"നിലാവിന്റെ അനന്തതയിലേക്കലിഞ്ഞുചേരാന്‍ എനിക്കൊരു സ്വപ്നമുണ്ട് .
അതില്‍ എനിക്കൊരു ലോകമുണ്ട് .കിനാവിന്റെ
അപാരതയിലേയ്ക്കെത്തിനോക്കുവാന്‍ എനിയ്ക്കൊരു കഥയുടെചിറകുണ്ട്.
കറുത്തപാഥയില്‍ വെളിച്ചമായ് പൊഴിയുവാന്‍ കൊഴിഞ്ഞുവീഴുമൊരു തൂവലുമുണ്ട് ."
എന്നു പറഞ്ഞ സ്വപ്നങ്ങളുടെ രാജകുമാരി. അവിടെയെല്ലാം അവള്‍,
എന്റെ പ്രിയതോഴി എന്നെ കൊണ്ടുപോയി.




അവളുടെ സ്വപ്നങ്ങളുടെ,ഓര്‍മ്മകളുടെ ചിറകടിയൊച്ചകള്‍
പിന്നിട്ട് ഞാനും നടന്നു തുടങ്ങി.... മറ്റൊരു ഭൂമികയിലേക്ക്...

കാറ്റ് ജനല്‍ പാളികളെ തള്ളിനീക്കിയ ആ രാത്രിയുടെ മൂന്നാം യാമത്തില്‍
രാത്രിമയക്കത്തിന്റെ ഏതോനിമിഷത്തില്‍ ആര്‍ദ്രമായ് അവള്‍ പാടുന്നതു പോലെ...
പെട്ടെന്ന് കിടക്കയില്‍ നിന്ന് എഴുനേറ്റ് ആ ജനല്‍ പാളികള്‍ മെല്ലെ തുറന്ന്
അകലങ്ങളിലെ ആ നിലാവിലേയ്ക്ക് ഞാന്‍ നോക്കി
ആ നിലാവിന്റെ നീലിമയില്‍ നിന്നും അവളുടെ നിറമിഴികള്‍ ഞാന്‍ കണ്ടു.
തകര്‍ന്നു പോയ ഒരു ഹൃദയത്തെ കണ്ടു.അങ്ങകലെ ഏതോ തീരത്ത്
രാപ്പാടികേഴുന്നത് പോലെയുള്ള അവളുടെ തേങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞൂ..


മുത്തശ്ശിക്കഥകളും പഴം പുരാണങ്ങളും കേട്ട്
വളര്‍ന്നു വന്ന അവള്‍ക്ക് എല്ലാമെല്ലാം അവളുടെ മുത്തശ്ശിയായിരുന്നു
സ്നേഹത്തിന്റെ സ്വാന്തനത്തിന്റെ സൌഹാര്‍ദ്ധത്തിന്റെ
അങ്ങനെയങ്ങനെ ജീവിതത്തിന്റെ പുത്തന്‍ പ്രതീക്ഷകളിലേയ്ക്ക് അവളെ
കൈപിടിച്ചുനടത്തിയിരുന്നത് അവളുടെ മുത്തശ്ശിയായിരുന്നൂ.
എവിടേയ്ക്ക് പോകുമെന്നറിയാതെ അനന്തതപോലെ തോന്നിപ്പിക്കുന്ന
റെയില്‍ പാളങ്ങള്‍ പോലെ എന്നും അവര്‍ ഒന്നിച്ചായിരുന്നു യാത്ര.
വെയിലത്ത് ചിരിച്ചും വെട്ടിത്തിളങ്ങിയും മഴയത്ത് കരഞ്ഞും
ഒരുമിച്ചങ്ങനെ കുറേ സഞ്ചരിച്ചൂ. മഞ്ചാടിക്കുരുകൊണ്ട് മാലകെട്ടിയും
അപ്പുപ്പന്‍ താടികള്‍കൊണ്ട് കൂടൊരുക്കിയും ആലിലകൊണ്ട് കളമൊരുക്കിയും
അവര്‍ അങ്ങനെ ജിവിച്ചൂ.പലപ്പോഴും അവര്‍ കലഹിച്ചിരുന്നൂ പക്ഷെ
ആ കലഹത്തിനേക്കാള്‍ എത്രയോ ഇരട്ടി അവര്‍ സ്നേഹിച്ചിരുന്നൂ,
അതുകൊണ്ടാകണമല്ലോ ബോധമണ്ടലങ്ങള്‍ക്കും ഇന്ദ്രിയങ്ങളുക്കും
അപ്പുറമുള്ള ഒരു ലോകത്തില്‍ അവര്‍ക്ക് സഞ്ചരിക്കാനായത്,

പക്ഷെ പതിനേഴു വര്‍ഷത്തെ യാത്ര കഴിഞ്ഞപ്പോള്‍ അവളുടെ മുത്തശ്ശി
പിന്നെ അവള്‍ക്കൊപ്പം നടന്നില്ല .കര്‍ക്കടകത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍
പടിഞ്ഞാറ് നിലവിളക്കിനു മുന്‍പില്‍ വെള്ള പുതപ്പിച്ച് കിടത്തേണ്ടിവന്നു.
ജനക്കൂട്ടം കണ്ടുനീങ്ങിയകലുമ്പോള്‍ ആ കോലായിലെ ഇരുള്‍ മൂടിയ
ഒരു കോണില്‍ അന്യയെപോലെ ശിലപോലെ നിസംഗയായ് അവള്‍ നിന്നു.
എന്താണ് പറ്റിയതെന്ന് അന്നവള്‍ക്ക് ഊഹിക്കാന്‍ പോലും വയ്യാതെ .
അന്നുവരെ കണ്ട ഒരു മുഖം, അത് ഇന്ന് ജീവനറ്റ്, ഒരു നേരിയതില്‍
കിടത്തിയേക്കുന്നൂ. അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു,
അവള്‍ക്കു ഏറെ പ്രിയപ്പെട്ട മഴ...
ആ മനസ്സില്‍ നിന്നും മിഴിയില്‍ നിന്നും ഒരായിരം മഴത്തുള്ളികള്‍.....


അന്ന് രാത്രി അവള്‍ ഉറങ്ങിയിട്ടില്ലാ അന്നു മാത്രമല്ല പിന്നീടൊരിയ്ക്കലും..
അവളും മുത്തശ്ശിയും കൂടെ കിടന്നിരുന്നത് വടക്കിനിയുടെ
അകത്തളത്തിലായിരുന്നു രാവേറെയായാലും മുത്തശ്ശിയുടെ മടിയില്‍
തലചായ്ച് കഥ കേട്ടുറങ്ങുന്ന ഓര്‍മകള്‍ അവളെ വല്ലാതെ വേട്ടയാടി...
രാത്രിയുടെ ഏതെങ്കിലും ഒരു നിമിഷം ഉറക്കത്തിലേക്കു വഴുതി വീഴുമെങ്കിലും
മൂന്നാം യാമം കഴുയുമ്മുന്നെ ദുസ്വപ്നം കണ്ട് ഞെട്ടിയുണരും...
ഒരുതരം അനാഥത്വത്തിന്റെ നോവില്‍ തളര്‍ന്നു പോകും.
മുത്തശ്ശി മറ്റേതോലോകത്തിലേയ്ക്ക് അവളെകൂട്ടാതെ പോയ സത്യം
പതിയെ പതിയെ അവള്‍ മനസ്സിലാക്കിതുടങ്ങി.
പാതി മരിച്ച മനസ്സുമായ് യാതാര്‍ത്ഥ്യത്തിലേയ്ക്ക് തിരികെ വന്നപ്പോള്‍
പഞ്ചമത്തിലെവിടയൊ ഒരുമാത്ര കുറഞ്ഞപോലെ .........

മുത്തശ്ശിയ്ക്കൊരു സ്വപ്നമുണ്ടായിരുന്നു അവളുടെ വിവാഹം.
മുല്ലപ്പൂവിന്റെ ഗന്ധം പരത്തുന്ന പുലരിയും ആളുകള്‍ തിങ്ങിനിറയുന്ന
കോലായിലെ ഇരുട്ടും വയലിലൂടെ ആളുകള്‍ നിരനിരയായ് വരുന്നതും
അങ്ങനെകുറേസ്വപ്നങ്ങള്‍.പാവം മുത്തശ്ശി
ആകാശത്ത് മിന്നുന്ന നക്ഷത്രകൂട്ടങ്ങളില്‍ ഇരുന്നും ഇന്ന് അതൊക്കെ
ഓര്‍ത്ത് സങ്കടപ്പെടുന്നുണ്ടായിരിക്കും


അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി ഏകാന്തമായ കോലായിലെ
അകത്തളങ്ങളില്‍ ഇന്ന് മുത്തശ്ശിയില്ല ഒരു അപരിചിതയുടെ നേര്‍ത്ത
മര്‍മ്മരം മനസിലാഞ്ഞടിച്ചൂ.പതിമൂന്നു ദിവസത്തെ ചടങ്ങുകള്‍ എല്ലാം
അവസാനിപ്പിച്ച് വേണ്ടപ്പെട്ടവര്‍ പടിയിറങ്ങിയപ്പോള്‍ അവള്‍ നിയന്ത്രണങ്ങള്‍
ഇല്ലാതെ തേങ്ങിപ്പോയി.തായ്‌വേരുകളോരോന്നായി അറ്റുപോകുകയാണോ..?
ആ അകത്തളങ്ങളില്‍ പിന്നെയും അവള്‍ തനിച്ചായപോലെ

കര്‍മ്മങ്ങള്‍ കണ്ടുനിന്ന അവള്‍ക്ക് , ദിവസങ്ങളോളം മുന്നില്‍ എന്തക്ക്യൊ വിഭ്രമമായ
കാഴ്ചകളായിരുന്നു .ഉറക്കമില്ലാത്ത ആ ദിനങ്ങള്‍ !
മരണത്തെ തീവ്രമായി അറിഞ്ഞ നിമിഷങ്ങള്‍.
ഒറ്റപെടലിന്റെ വേദനയും, കഥ നഷ്ടപെട്ട വ്യഥയുമായി ,
പുനര്‍ജനിയുടെ വാതായനങ്ങളില്‍ ചെന്നെത്തും വരെ ,
ആ ഓര്‍മകളും പേറി അവള്‍ സഞ്ചരിക്കുന്നു.എവിടെയാണ് വിരാമം
എന്നറിയാതെ ,ഒരു നനുത്ത നീലാംബരിയായ്.....


പടിഞ്ഞാറന്‍ കാറ്റ് ആ‍ഞ്ഞടിയ്ക്കാന്‍ തുടങ്ങി .ജനല്പാളികള്‍ മെല്ലെ ഉലയുന്നു .
കാറ്റിന്റെ മര്‍മരത്തില്‍ കരിയിലകളുടെ നേര്‍ത്ത നിസ്വനം
ദൂരെ അരയാലിന്‍ കൊമ്പില്‍ പകലായി കുയിലുകള്‍ പാടുന്നു
കാതങ്ങള്‍ക്കപുറം തിരയടിയ്ക്കുന്ന തിരമാലകളുടെ ആരവം
അങ്ങകലെ കുന്നിന്‍ ചെരുവില്‍ നിശാഗന്ധിപൂത്തുവൊ
പേരറിയാത്ത പക്ഷികളൊക്കെ ഇതാ കൂടുതേടുകയാണ്
ആടിയുലയുന്ന കമ്പിറാന്തല്‍ ,അതിന്റെ തിരി ഇപ്പൊ കെടും.
കോലായിലെ അതിര്‍വരമ്പിലെ പാലപൂത്തിരിയ്ക്കുന്നു
കാറ്റ് ജനല്‍പ്പാളികളെ തള്ളിമെല്ലെയെന്‍ കോലായിലെ അകത്തളത്തില്‍
എത്തി,പാലപ്പൂവിന്റെ സുഗന്ധം വിരിയിക്കുന്ന നറുമണം
ആ നറുമണത്തിലൂടെ ഒരു ദിവ്യശക്തി എന്നെ തഴുതുന്നത് പോലെ
ഇരുളിന്റെ തുരുത്തുകളില്‍ ഒളിഞ്ഞിരുന്ന ചിത്രശലഭങ്ങള്‍ പറന്നടുക്കുന്നു..!!

["ഇതു ആമിയുടേയും അവളുടെ ദേവതയുടെയും കഥ......"]

അരികിലെത്താന്‍ മടിച്ചുനില്‍ക്കുന്ന തിങ്കളിന്റെ മര്‍മ്മരത്തിന്
കാതോര്‍ക്കുമ്പോഴും ഏതോ ഒരു അദൃശ്യസാമീപ്യം കയ്യെത്തും
ദൂരത്തുനിന്നും പതിയെ വിളിക്കുന്നപോലെ

നീ വരും കാലങ്ങളെ മാത്രകളാക്കി. ചന്ദ്രികജ്വോതിയുടെ ഒരായിരം
ദിനങ്ങള്‍ കവര്‍ന്നെടുത്ത് നീ വരും, ഒരുപൂവാടിയുടെ പുഞ്ചിരിനിന്നില്‍
ഉതിരുന്നുണ്ടാവുംനിനക്ക് വേണ്ടി മാത്രം നിര്‍ഗളിക്കുന്ന എന്റെ
വിരല്‍തുമ്പിലെ അക്ഷരങ്ങള്‍ സ്വരങ്ങളായി നിന്നെ ചൂഴ്നുനില്‍ക്കും
നിനക്ക് വരാതിരിയ്ക്കാനാവില്ലാ എനിക്ക ചിന്തകള്‍ തന്നത് നീയാണ്
അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ തന്നത് നീയാണ് സ്വപ്നങ്ങളുടെ
പാഥയില്‍ കൈകോര്‍ത്ത് നടത്തിയതും നീതന്നെ നിന്റെ
സ്വപ്നങ്ങള്‍ക്ക് തേരു തെളിക്കാതെ എനിക്കെങ്ങനെ ഞാനാകാനാകും.!!

Tuesday, February 19, 2008

നിലാവുകളെ പ്രണയിച്ചകാലം.!!

ന്റെ ഹ്യദയത്തിലെ ഉത്സവങ്ങളില്‍ ഇപ്പോള്‍ ആര്‍ത്തിരമ്പുന്ന
പുരുഷാരങ്ങളില്ല,എങ്കിലും മരിക്കാത്ത മനസ്സിന്റെ കോണിലെവിടെയൊ
ഒരു മേളത്തിനുള്ള കലാശം ഞാന്‍ അറിയുന്നു..
ആ മേളത്തിരക്കിലെവിടെയെങ്കിലും നീ ഉണ്ടാകുമെന്ന വിശ്വാസവും...!!

ഹൃദയത്തില്‍ നീലമേഘങ്ങള്‍ നിറഞ്ഞ ആകാശമുള്ളവര്‍..
അറിയാതെ അറിഞ്ഞും അറിഞ്ഞപ്പോള്‍ അറിയാതേയും പോയവര്‍ ...
നിന്റേയും എന്റേയും ഹൃദയത്തെ കൂട്ടിയിണക്കുന്ന നൂല്‍പാതയിലൂടെ
സ്നേഹ സൌഹൃദങ്ങളുടെ ഒരുത്സവം ആര്‍ത്തിരമ്പിക്കടന്നു പോയി



വാകപ്പൂക്കള്‍ കൊഴിഞ്ഞുവീണ ഇടനാഴിയുടെ കുളിരിലുറങ്ങുന്ന
വാവലുകളുടെ ചിറകടിയൊച്ചകള്‍ പിന്നിട്ട് ഞാന്‍ നടന്നൂ...
എണ്ണിയാല്‍ ഒടുങ്ങാത്ത മിന്നാമിന്നികള്‍ പ്രകാശപൂരിതമായി
പറന്നകലുന്നൂ, പാതിരാക്കാറ്റ് വല്ലാതെ ആരവം കൂട്ടുന്നൂ.
കൂരിരുട്ടിന്റെ മറപറ്റി ഒളിഞ്ഞിരിക്കുന്ന കൂറ്റന്‍ ചീവിടുകള്‍,
മനസ്സ് ചിതലരിക്കാന്‍ തിടുക്കം കൂട്ടുന്നു,ആ വിജനതയില്‍
കാറ്റിലുലയുന്ന ഇലകളുടെ നേര്‍ത്ത മര്‍മ്മരത്തിനുപോലും
കടല്‍ക്കാറ്റിന്റെ പ്രക്ഷോഭം.കൂറ്റന്‍ കഴുകന്മാര്‍ പറന്നടുക്കുന്നത് പോലെ...
ഇലഞ്ഞിപൂവിന്റെ നറുമണം പടരുന്നു, ആലിപ്പഴങ്ങള്‍ കൊഴിയാന്‍ കാത്തുനില്‍കുന്നൂ,ഞാവല്‍പ്പഴം ഞെട്ടറ്റ്വീഴുന്നൂ.
പാതിരാപ്പൂവിന്റെ ഗന്ധം എന്നെ തഴുകുന്നൂ.
മാതളനാരകം പൂത്തുവൊ ..നിശയുടെ താഴ്വരയിലൂടെ
നിഴലുകള്‍ പിന്നിട്ട് ഞാനും നടന്നകന്നൂ.
ആ ഇളംകാറ്റില്‍ ഇലകള്‍ എന്നെ തഴുതിതലോടിയകലുന്നൂ
പാലപൂവിന്റെ ഗന്ധം പരത്തുന്ന ത്രിസന്ധ്യയുടെ ആരവം പോലെ,



മനസ്സിന്റെ താളുകളില്‍ കാത്തുസൂക്ഷിച്ച പ്രണയത്തിന്റേയും
സ്വപ്നങ്ങളുടേയും, നൊമ്പരങ്ങളുടേയും നേര്‍ത്ത ഇടവേളകള്‍ക്കായ്
ഇതുവഴി നടന്ന ഓരോ നിമിഷങ്ങളും ഇനിയും മറക്കാനായിട്ടില്ല.
ഈ വഴി വിജനമാണെന്ന് പലരും പറഞ്ഞിരുന്നു...
എന്നിട്ടും ആരെയൊ തേടിയലയുന്ന എന്റെ ആത്മാവിനെ
ഈ വിജനമാര്‍ന്ന വേളകളില്‍ എനിക്ക് കാണാമായിരുന്നൂ.
എന്റെ സ്വപ്നങ്ങളെ നിന്റെ പ്രതീക്ഷകള്‍ കൊണ്ട്,
ഇനിയും ഉണര്‍ത്താതിരിക്കുക നിന്റെ സ്വപ്നങ്ങളെ
എന്റെ പ്രതീക്ഷകളായ് ഞാന്‍ കാത്തുകൊള്ളാം
ഓര്‍മകളില്‍ പൊതിഞ്ഞ എന്റെ സ്വപ്നങ്ങളുടെ
ചെപ്പുതുറന്നപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത്
ക്യാമ്പസിന്റെ ഇടനാഴിയിലാണ്.


എന്റെ കൌമാരത്തിന്റെ സുവര്‍ണ്ണകാലത്ത്
ഒരുപ്രാര്‍ത്ഥനപോലെ മനസ്സില്‍ ഉരുവിട്ട് നടന്ന
ആ കലാലയം, സ്വപ്നങ്ങള്‍ നെയ്ത് പ്രണയഗീതങ്ങള്‍
മൂളിനടന്ന വര്‍ഷങ്ങള്‍,ഇവിടെ വച്ച് ഒരുപാടു പേരുടെ
സ്വപ്നങ്ങള്‍ക്കു ചിറകു വെച്ചിരുന്നു....ഉയരങ്ങളിലേയ്ക്കു
പറക്കാന്‍ കൊതിച്ചിരുന്ന ഒരുപാട് പേര്‍ ചിറകറ്റ വീണു...
ഇവിടെ ആരുടെയൊക്കയൊ പ്രണയത്തിന്റെ നോവുണ്ട്...
സൌഹൃദത്തിന്റെ ആര്‍ദ്രതയുണ്ട്...
വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...ഇവിടെ ഞാനുണ്ട്,
എന്റെ മനസ്സുണ്ട്,നിങ്ങളില്‍ ആരൊക്കെയോയുണ്ട്..


മാഞ്ഞു പോകുന്ന മഴവില്ലിന്റെ ആയുസ്സെ എന്റെ
സ്വപ്നങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ..എങ്കിലും നിനക്ക് മറക്കുവാന്‍
കഴിയുമായിരുന്നൊ.പെയ്തൊഴിയാത്ത പേമാരിയാണ്
എന്റെ പ്രണയമെന്ന്..എങ്കിലും ഒരു രാത്രി അതൊക്കെ തകര്‍ന്നു.
കറപുരണ്ട കാര്‍മേഘം വന്നു കൂടണഞ്ഞു
വെണ്‍ പിറാവുകള്‍ അതുകണ്ട് രസിച്ചു.


പലപ്പോഴും തോന്നിയിട്ടുണ്ട് ജീവിതം ഒരു സിനിമപോലെയാണെന്ന്..
കാരണം ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളകളെ വളരെ ചുരുങ്ങിയ
സമയംകൊണ്ടാണ് ഓര്‍മകളാക്കുന്നത്..
അതിനെക്കാള്‍ എത്രയോ ചുരുങ്ങിയ സമയത്തിലൂടെയാണ്
എന്റെ ഓരോദിനവും പിന്നിടുന്നത്..

ഒത്തിരിയൊത്തിരി മോഹങ്ങള്‍ മനസ്സിന്റെ മണിച്ചെപ്പില്‍
ഒളിപ്പിച്ച് വെച്ച് ഏകാന്തവേളകളില്‍ അവയെ ഒന്നൊന്നായ്
എടുത്ത് താലോലിക്കുന്ന നമ്മള്‍ എന്നും ജീവിതമാകുന്ന
തോണി തുഴയുകയാണ്,പ്രത്യാശനല്‍കുന്ന ആശ്വാസത്തോടെ
നാളുകളുടെ സുന്ദരമായ കാഴ്ചലഭിക്കാന്‍ ഒരുപാട് മോഹങ്ങള്‍
കൊണ്ട് അലങ്കരിച്ചതോണിയില്‍ തുഴഞ്ഞുപോകവെ
കൂട്ടിനെത്തിയ ഒരു സുവര്‍ണ്ണപുഷ്പം, ആസ്നേഹത്തിന്റെ
തീക്ഷ്ണത,നൊമ്പരം അവയെല്ലാം എന്നെ മറ്റൊരു ഞാനാക്കിമാറ്റി.


എന്റെ ഓര്‍മകള്‍ക്ക് ഞാന്‍ ചിറക് കൊടുക്കുകയാണ്..
പുഴകളും ഇടത്തോടുകളും വയലേലകളും നെയ്തെടുക്കുന്ന
ചിത്രഭംഗിയുള്ള എന്റെ ഗ്രാമം..വൃഷ്ചികത്തിലെ പച്ചവിരിച്ച
പാടങ്ങള്‍ മീനത്തില്‍ സ്വര്‍ണ്ണവയലേലകളായി മാറുന്ന ഗ്രാമം
കൊയ്തുകാലം ഉത്സവകാലമാണവിടെ ഇടവപ്പാതിയുടെ
മൂര്‍ദ്ധന്യത്തില്‍കായലുകളായി മാറുന്ന കൊയ്തൊഴിഞ്ഞ
പാടങ്ങള്‍ അതൊക്കെ എന്റെ സ്വപ്നഭൂമിയുടെ പുലര്‍കാലം.




പെയ്തിറങ്ങിയ നിലാവുകളെ പ്രണയിച്ച കാലവും വിടവാങ്ങലിന്റെ
കണക്കുകള് സൂക്ഷിച്ച കാലവും,ഇന്ന് വേദനകളുടെ കറുത്ത ജാലകം
എനിക്കു മുന്നില്‍ തെളിയുമ്പോള്‍ അതെല്ലാം സുഖമുള്ള ഓര്‍മകള്‍ മാത്രം



ഇന്ന് എങ്ങും മൂകത നിറഞ്ഞ അന്ധകാരം.
വായ പൊത്തി പിടിച്ച നിഴല്‍ സംസാരം
ചെവിയില്‍ ആരോ മന്ത്രിചു ......തിരിച്ച് പോ....
തിരിച് പോകൂ..നിന്റെ വിരഹം ഞങ്ങളുടെ
സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പികുന്നു
ഇവിടെ ഞങ്ങള്‍ സന്തുഷ്ടരാണ്.
മുന്നില്‍ ഇരുള്‍ നിറഞ്ഞ പ്രവാസം
കൂടെ വാടി തളര്‍ന്ന മനസ്സും, ശരീരവും

ഇന്നലെയുടെ തീരത്തുനിന്നും വന്ന് ഇന്നിലൂടെ കടന്ന് നാളെയുടെ
തീരത്തിലേയ്ക്ക് അകലുന്ന ഒരു കാലപ്രവാഹം..
ഈ കാലപ്രവാഹത്തില്‍ ഓര്‍മകളുടെ കണ്ണുനീര്‍ത്തുള്ളികള്‍ക്കായ്...

ഇത് എന്റെ സ്വപ്നഭൂമിയിലെ നിറവാര്‍ന്ന നിഴലുകള്‍.!!