Tuesday, February 19, 2008

നിലാവുകളെ പ്രണയിച്ചകാലം.!!

ന്റെ ഹ്യദയത്തിലെ ഉത്സവങ്ങളില്‍ ഇപ്പോള്‍ ആര്‍ത്തിരമ്പുന്ന
പുരുഷാരങ്ങളില്ല,എങ്കിലും മരിക്കാത്ത മനസ്സിന്റെ കോണിലെവിടെയൊ
ഒരു മേളത്തിനുള്ള കലാശം ഞാന്‍ അറിയുന്നു..
ആ മേളത്തിരക്കിലെവിടെയെങ്കിലും നീ ഉണ്ടാകുമെന്ന വിശ്വാസവും...!!

ഹൃദയത്തില്‍ നീലമേഘങ്ങള്‍ നിറഞ്ഞ ആകാശമുള്ളവര്‍..
അറിയാതെ അറിഞ്ഞും അറിഞ്ഞപ്പോള്‍ അറിയാതേയും പോയവര്‍ ...
നിന്റേയും എന്റേയും ഹൃദയത്തെ കൂട്ടിയിണക്കുന്ന നൂല്‍പാതയിലൂടെ
സ്നേഹ സൌഹൃദങ്ങളുടെ ഒരുത്സവം ആര്‍ത്തിരമ്പിക്കടന്നു പോയി



വാകപ്പൂക്കള്‍ കൊഴിഞ്ഞുവീണ ഇടനാഴിയുടെ കുളിരിലുറങ്ങുന്ന
വാവലുകളുടെ ചിറകടിയൊച്ചകള്‍ പിന്നിട്ട് ഞാന്‍ നടന്നൂ...
എണ്ണിയാല്‍ ഒടുങ്ങാത്ത മിന്നാമിന്നികള്‍ പ്രകാശപൂരിതമായി
പറന്നകലുന്നൂ, പാതിരാക്കാറ്റ് വല്ലാതെ ആരവം കൂട്ടുന്നൂ.
കൂരിരുട്ടിന്റെ മറപറ്റി ഒളിഞ്ഞിരിക്കുന്ന കൂറ്റന്‍ ചീവിടുകള്‍,
മനസ്സ് ചിതലരിക്കാന്‍ തിടുക്കം കൂട്ടുന്നു,ആ വിജനതയില്‍
കാറ്റിലുലയുന്ന ഇലകളുടെ നേര്‍ത്ത മര്‍മ്മരത്തിനുപോലും
കടല്‍ക്കാറ്റിന്റെ പ്രക്ഷോഭം.കൂറ്റന്‍ കഴുകന്മാര്‍ പറന്നടുക്കുന്നത് പോലെ...
ഇലഞ്ഞിപൂവിന്റെ നറുമണം പടരുന്നു, ആലിപ്പഴങ്ങള്‍ കൊഴിയാന്‍ കാത്തുനില്‍കുന്നൂ,ഞാവല്‍പ്പഴം ഞെട്ടറ്റ്വീഴുന്നൂ.
പാതിരാപ്പൂവിന്റെ ഗന്ധം എന്നെ തഴുകുന്നൂ.
മാതളനാരകം പൂത്തുവൊ ..നിശയുടെ താഴ്വരയിലൂടെ
നിഴലുകള്‍ പിന്നിട്ട് ഞാനും നടന്നകന്നൂ.
ആ ഇളംകാറ്റില്‍ ഇലകള്‍ എന്നെ തഴുതിതലോടിയകലുന്നൂ
പാലപൂവിന്റെ ഗന്ധം പരത്തുന്ന ത്രിസന്ധ്യയുടെ ആരവം പോലെ,



മനസ്സിന്റെ താളുകളില്‍ കാത്തുസൂക്ഷിച്ച പ്രണയത്തിന്റേയും
സ്വപ്നങ്ങളുടേയും, നൊമ്പരങ്ങളുടേയും നേര്‍ത്ത ഇടവേളകള്‍ക്കായ്
ഇതുവഴി നടന്ന ഓരോ നിമിഷങ്ങളും ഇനിയും മറക്കാനായിട്ടില്ല.
ഈ വഴി വിജനമാണെന്ന് പലരും പറഞ്ഞിരുന്നു...
എന്നിട്ടും ആരെയൊ തേടിയലയുന്ന എന്റെ ആത്മാവിനെ
ഈ വിജനമാര്‍ന്ന വേളകളില്‍ എനിക്ക് കാണാമായിരുന്നൂ.
എന്റെ സ്വപ്നങ്ങളെ നിന്റെ പ്രതീക്ഷകള്‍ കൊണ്ട്,
ഇനിയും ഉണര്‍ത്താതിരിക്കുക നിന്റെ സ്വപ്നങ്ങളെ
എന്റെ പ്രതീക്ഷകളായ് ഞാന്‍ കാത്തുകൊള്ളാം
ഓര്‍മകളില്‍ പൊതിഞ്ഞ എന്റെ സ്വപ്നങ്ങളുടെ
ചെപ്പുതുറന്നപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത്
ക്യാമ്പസിന്റെ ഇടനാഴിയിലാണ്.


എന്റെ കൌമാരത്തിന്റെ സുവര്‍ണ്ണകാലത്ത്
ഒരുപ്രാര്‍ത്ഥനപോലെ മനസ്സില്‍ ഉരുവിട്ട് നടന്ന
ആ കലാലയം, സ്വപ്നങ്ങള്‍ നെയ്ത് പ്രണയഗീതങ്ങള്‍
മൂളിനടന്ന വര്‍ഷങ്ങള്‍,ഇവിടെ വച്ച് ഒരുപാടു പേരുടെ
സ്വപ്നങ്ങള്‍ക്കു ചിറകു വെച്ചിരുന്നു....ഉയരങ്ങളിലേയ്ക്കു
പറക്കാന്‍ കൊതിച്ചിരുന്ന ഒരുപാട് പേര്‍ ചിറകറ്റ വീണു...
ഇവിടെ ആരുടെയൊക്കയൊ പ്രണയത്തിന്റെ നോവുണ്ട്...
സൌഹൃദത്തിന്റെ ആര്‍ദ്രതയുണ്ട്...
വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...ഇവിടെ ഞാനുണ്ട്,
എന്റെ മനസ്സുണ്ട്,നിങ്ങളില്‍ ആരൊക്കെയോയുണ്ട്..


മാഞ്ഞു പോകുന്ന മഴവില്ലിന്റെ ആയുസ്സെ എന്റെ
സ്വപ്നങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ..എങ്കിലും നിനക്ക് മറക്കുവാന്‍
കഴിയുമായിരുന്നൊ.പെയ്തൊഴിയാത്ത പേമാരിയാണ്
എന്റെ പ്രണയമെന്ന്..എങ്കിലും ഒരു രാത്രി അതൊക്കെ തകര്‍ന്നു.
കറപുരണ്ട കാര്‍മേഘം വന്നു കൂടണഞ്ഞു
വെണ്‍ പിറാവുകള്‍ അതുകണ്ട് രസിച്ചു.


പലപ്പോഴും തോന്നിയിട്ടുണ്ട് ജീവിതം ഒരു സിനിമപോലെയാണെന്ന്..
കാരണം ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളകളെ വളരെ ചുരുങ്ങിയ
സമയംകൊണ്ടാണ് ഓര്‍മകളാക്കുന്നത്..
അതിനെക്കാള്‍ എത്രയോ ചുരുങ്ങിയ സമയത്തിലൂടെയാണ്
എന്റെ ഓരോദിനവും പിന്നിടുന്നത്..

ഒത്തിരിയൊത്തിരി മോഹങ്ങള്‍ മനസ്സിന്റെ മണിച്ചെപ്പില്‍
ഒളിപ്പിച്ച് വെച്ച് ഏകാന്തവേളകളില്‍ അവയെ ഒന്നൊന്നായ്
എടുത്ത് താലോലിക്കുന്ന നമ്മള്‍ എന്നും ജീവിതമാകുന്ന
തോണി തുഴയുകയാണ്,പ്രത്യാശനല്‍കുന്ന ആശ്വാസത്തോടെ
നാളുകളുടെ സുന്ദരമായ കാഴ്ചലഭിക്കാന്‍ ഒരുപാട് മോഹങ്ങള്‍
കൊണ്ട് അലങ്കരിച്ചതോണിയില്‍ തുഴഞ്ഞുപോകവെ
കൂട്ടിനെത്തിയ ഒരു സുവര്‍ണ്ണപുഷ്പം, ആസ്നേഹത്തിന്റെ
തീക്ഷ്ണത,നൊമ്പരം അവയെല്ലാം എന്നെ മറ്റൊരു ഞാനാക്കിമാറ്റി.


എന്റെ ഓര്‍മകള്‍ക്ക് ഞാന്‍ ചിറക് കൊടുക്കുകയാണ്..
പുഴകളും ഇടത്തോടുകളും വയലേലകളും നെയ്തെടുക്കുന്ന
ചിത്രഭംഗിയുള്ള എന്റെ ഗ്രാമം..വൃഷ്ചികത്തിലെ പച്ചവിരിച്ച
പാടങ്ങള്‍ മീനത്തില്‍ സ്വര്‍ണ്ണവയലേലകളായി മാറുന്ന ഗ്രാമം
കൊയ്തുകാലം ഉത്സവകാലമാണവിടെ ഇടവപ്പാതിയുടെ
മൂര്‍ദ്ധന്യത്തില്‍കായലുകളായി മാറുന്ന കൊയ്തൊഴിഞ്ഞ
പാടങ്ങള്‍ അതൊക്കെ എന്റെ സ്വപ്നഭൂമിയുടെ പുലര്‍കാലം.




പെയ്തിറങ്ങിയ നിലാവുകളെ പ്രണയിച്ച കാലവും വിടവാങ്ങലിന്റെ
കണക്കുകള് സൂക്ഷിച്ച കാലവും,ഇന്ന് വേദനകളുടെ കറുത്ത ജാലകം
എനിക്കു മുന്നില്‍ തെളിയുമ്പോള്‍ അതെല്ലാം സുഖമുള്ള ഓര്‍മകള്‍ മാത്രം



ഇന്ന് എങ്ങും മൂകത നിറഞ്ഞ അന്ധകാരം.
വായ പൊത്തി പിടിച്ച നിഴല്‍ സംസാരം
ചെവിയില്‍ ആരോ മന്ത്രിചു ......തിരിച്ച് പോ....
തിരിച് പോകൂ..നിന്റെ വിരഹം ഞങ്ങളുടെ
സ്വപ്നങ്ങള്‍ക്ക് ചിറക് മുളപ്പികുന്നു
ഇവിടെ ഞങ്ങള്‍ സന്തുഷ്ടരാണ്.
മുന്നില്‍ ഇരുള്‍ നിറഞ്ഞ പ്രവാസം
കൂടെ വാടി തളര്‍ന്ന മനസ്സും, ശരീരവും

ഇന്നലെയുടെ തീരത്തുനിന്നും വന്ന് ഇന്നിലൂടെ കടന്ന് നാളെയുടെ
തീരത്തിലേയ്ക്ക് അകലുന്ന ഒരു കാലപ്രവാഹം..
ഈ കാലപ്രവാഹത്തില്‍ ഓര്‍മകളുടെ കണ്ണുനീര്‍ത്തുള്ളികള്‍ക്കായ്...

ഇത് എന്റെ സ്വപ്നഭൂമിയിലെ നിറവാര്‍ന്ന നിഴലുകള്‍.!!