Friday, February 22, 2008

എന്റെ നീലാംബരിയ്ക്ക്.!!

നീലാംബരിയുടെ സൌന്ദര്യം വിരിയുന്ന നിന്‍ മന്ദഹാസവും മഴവില്ലിന്‍
ഏഴുവര്‍ണ്ണങ്ങളും ചാലിച്ച് നീ നല്‍കിയ സുന്ദരനിമിഷങ്ങളുടെ ഓര്‍മകള്‍
മനസ്സിന്റെ മണിച്ചെപ്പില്‍ നനുത്ത മഴയായ് പൊഴിയുന്നൂ.
സ്നേഹിച്ചുകൊതിതീരാത്ത ഈ ആത്മ ബന്ധത്തിന്
എവിടെയായിരുന്നു തുടക്കമെന്ന് ഓര്‍മയില്ല...

ശ്യാമമേഘങ്ങള്‍ നിറഞ്ഞ ഒരു ഇരുണ്ട രാത്രിയില്‍ മേഘക്കീറുകള്‍ക്കിടയില്‍
പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന ഒരു അമ്പിളികീറിന്റെ
ഓര്‍മയുണര്‍ത്തുന്ന നിമിഷങ്ങള്‍ ആയിരുന്നു അന്ന്.

ഏതോ നിഴലാടും നേരത്ത് പുല്‍കൊടിതീരത്ത് നീ കാത്തിരിയ്ക്കെ നിന്‍
ആത്മമോഹവും നൊമ്പരവും തൊട്ടറിഞ്ഞ് ,കാതങ്ങള്‍ക്കപ്പുറം കാറ്റിലുലയുന്ന
ഹൃദയഗീതത്തിലൂടെ ഞാനും.
ഒരുതളിര്‍ലതയോ പൂവിന്‍ ദളമോ ഞെട്ടറ്റ് വീണാലും നോവുന്നു നീ....
രാമഴയേറ്റാലും രാക്കുളിരേറ്റാലും യാമങ്ങളോട് പരിണമിയ്ക്കും.

"ഒരു മഴതുള്ളിയുടെ നനവോടെ , എന്റെ ഓര്‍മ്മകളുടെ, നൊംബരങ്ങളുടെ,
സ്വപ്നങ്ങളുടെ ഇടവഴികളിലൊക്കെയും എനിക്കു കൂട്ടു വന്നു.
യുഗങ്ങളുടെ അടുപ്പമുണ്ടാകാം ഞങ്ങളുടെ മനസ്സുകള്‍ തമ്മില്‍ പക്ഷെ..
ഒരിക്കല്‍പോലും കണ്ടിട്ടില്ലാ "


എങ്കിലും എന്റെ സ്വപ്നങ്ങളില്‍ നിറയുന്നത് നീയും......... നിന്റെ
സ്വപ്നങ്ങളില്‍ ഞാന്‍ നിറയാത്തത് നമ്മളില്‍ ആരുടെ നിര്‍ഭാഗ്യം കൊണ്ടാണ്?

അവള്‍ ആരോ.... ആ വരികളിലൂടെ വാക്കുകളിലൂടെ അവളുടെ മൌനം
ഞാന്‍ തിരിച്ചറിയുകയായിരുന്നു. പക്ഷെ ആ മൌനത്തില്‍ നിന്നും
അവളുടെ മനസ്സിന്റെ താളം ഞാന്‍ മനസ്സിലാക്കി..
ചൂളപോലെ എരിയുന്ന മനസ്സുമായി പലനാളും അവള്‍ ഉരുകുന്നുണ്ടായിരുന്നു..
അവളുടെ ഓരോവാക്കും അനുഭവിച്ചു കൊതിതീരാത്ത ഒരു സ്നേഹത്തിന്റെ
നിര്‍വചനമായിരുന്നു,, ആര്‍ക്കൊ വേണ്ടി എന്തിനോവേണ്ടി
അവള്‍ ഒരു കൂട്ടിലടച്ചക്കിളിയേപോലെ കൂട്ടിനുള്ളില്‍ കിടന്ന്
ചിറകടിച്ചുകരയുന്നു..അവള്‍പൊഴിച്ചിട്ട തൂവലുകളിലെല്ലാം
വിരഹവിഷാദമുണര്‍ത്തുന്ന തേങ്ങലുകളും കാണാമായിരുന്നു.
എങ്ങോ മറഞ്ഞിരിയ്ക്കുന്ന ആ നിലാവിന്റെ തീരത്ത് ഒരു
സ്നേഹജ്വാലയായ് ഒരു പുതുമഴയായ് ,അന്ന് ഞാന്‍ അവള്‍ക്കരികില്‍ എത്തി...
അവള്‍ എന്റെ ആത്മമിത്രമായ്....


"നിലാവിന്റെ അനന്തതയിലേക്കലിഞ്ഞുചേരാന്‍ എനിക്കൊരു സ്വപ്നമുണ്ട് .
അതില്‍ എനിക്കൊരു ലോകമുണ്ട് .കിനാവിന്റെ
അപാരതയിലേയ്ക്കെത്തിനോക്കുവാന്‍ എനിയ്ക്കൊരു കഥയുടെചിറകുണ്ട്.
കറുത്തപാഥയില്‍ വെളിച്ചമായ് പൊഴിയുവാന്‍ കൊഴിഞ്ഞുവീഴുമൊരു തൂവലുമുണ്ട് ."
എന്നു പറഞ്ഞ സ്വപ്നങ്ങളുടെ രാജകുമാരി. അവിടെയെല്ലാം അവള്‍,
എന്റെ പ്രിയതോഴി എന്നെ കൊണ്ടുപോയി.
അവളുടെ സ്വപ്നങ്ങളുടെ,ഓര്‍മ്മകളുടെ ചിറകടിയൊച്ചകള്‍
പിന്നിട്ട് ഞാനും നടന്നു തുടങ്ങി.... മറ്റൊരു ഭൂമികയിലേക്ക്...

കാറ്റ് ജനല്‍ പാളികളെ തള്ളിനീക്കിയ ആ രാത്രിയുടെ മൂന്നാം യാമത്തില്‍
രാത്രിമയക്കത്തിന്റെ ഏതോനിമിഷത്തില്‍ ആര്‍ദ്രമായ് അവള്‍ പാടുന്നതു പോലെ...
പെട്ടെന്ന് കിടക്കയില്‍ നിന്ന് എഴുനേറ്റ് ആ ജനല്‍ പാളികള്‍ മെല്ലെ തുറന്ന്
അകലങ്ങളിലെ ആ നിലാവിലേയ്ക്ക് ഞാന്‍ നോക്കി
ആ നിലാവിന്റെ നീലിമയില്‍ നിന്നും അവളുടെ നിറമിഴികള്‍ ഞാന്‍ കണ്ടു.
തകര്‍ന്നു പോയ ഒരു ഹൃദയത്തെ കണ്ടു.അങ്ങകലെ ഏതോ തീരത്ത്
രാപ്പാടികേഴുന്നത് പോലെയുള്ള അവളുടെ തേങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞൂ..


മുത്തശ്ശിക്കഥകളും പഴം പുരാണങ്ങളും കേട്ട്
വളര്‍ന്നു വന്ന അവള്‍ക്ക് എല്ലാമെല്ലാം അവളുടെ മുത്തശ്ശിയായിരുന്നു
സ്നേഹത്തിന്റെ സ്വാന്തനത്തിന്റെ സൌഹാര്‍ദ്ധത്തിന്റെ
അങ്ങനെയങ്ങനെ ജീവിതത്തിന്റെ പുത്തന്‍ പ്രതീക്ഷകളിലേയ്ക്ക് അവളെ
കൈപിടിച്ചുനടത്തിയിരുന്നത് അവളുടെ മുത്തശ്ശിയായിരുന്നൂ.
എവിടേയ്ക്ക് പോകുമെന്നറിയാതെ അനന്തതപോലെ തോന്നിപ്പിക്കുന്ന
റെയില്‍ പാളങ്ങള്‍ പോലെ എന്നും അവര്‍ ഒന്നിച്ചായിരുന്നു യാത്ര.
വെയിലത്ത് ചിരിച്ചും വെട്ടിത്തിളങ്ങിയും മഴയത്ത് കരഞ്ഞും
ഒരുമിച്ചങ്ങനെ കുറേ സഞ്ചരിച്ചൂ. മഞ്ചാടിക്കുരുകൊണ്ട് മാലകെട്ടിയും
അപ്പുപ്പന്‍ താടികള്‍കൊണ്ട് കൂടൊരുക്കിയും ആലിലകൊണ്ട് കളമൊരുക്കിയും
അവര്‍ അങ്ങനെ ജിവിച്ചൂ.പലപ്പോഴും അവര്‍ കലഹിച്ചിരുന്നൂ പക്ഷെ
ആ കലഹത്തിനേക്കാള്‍ എത്രയോ ഇരട്ടി അവര്‍ സ്നേഹിച്ചിരുന്നൂ,
അതുകൊണ്ടാകണമല്ലോ ബോധമണ്ടലങ്ങള്‍ക്കും ഇന്ദ്രിയങ്ങളുക്കും
അപ്പുറമുള്ള ഒരു ലോകത്തില്‍ അവര്‍ക്ക് സഞ്ചരിക്കാനായത്,

പക്ഷെ പതിനേഴു വര്‍ഷത്തെ യാത്ര കഴിഞ്ഞപ്പോള്‍ അവളുടെ മുത്തശ്ശി
പിന്നെ അവള്‍ക്കൊപ്പം നടന്നില്ല .കര്‍ക്കടകത്തിലെ ഒരു തണുത്ത പ്രഭാതത്തില്‍
പടിഞ്ഞാറ് നിലവിളക്കിനു മുന്‍പില്‍ വെള്ള പുതപ്പിച്ച് കിടത്തേണ്ടിവന്നു.
ജനക്കൂട്ടം കണ്ടുനീങ്ങിയകലുമ്പോള്‍ ആ കോലായിലെ ഇരുള്‍ മൂടിയ
ഒരു കോണില്‍ അന്യയെപോലെ ശിലപോലെ നിസംഗയായ് അവള്‍ നിന്നു.
എന്താണ് പറ്റിയതെന്ന് അന്നവള്‍ക്ക് ഊഹിക്കാന്‍ പോലും വയ്യാതെ .
അന്നുവരെ കണ്ട ഒരു മുഖം, അത് ഇന്ന് ജീവനറ്റ്, ഒരു നേരിയതില്‍
കിടത്തിയേക്കുന്നൂ. അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു,
അവള്‍ക്കു ഏറെ പ്രിയപ്പെട്ട മഴ...
ആ മനസ്സില്‍ നിന്നും മിഴിയില്‍ നിന്നും ഒരായിരം മഴത്തുള്ളികള്‍.....


അന്ന് രാത്രി അവള്‍ ഉറങ്ങിയിട്ടില്ലാ അന്നു മാത്രമല്ല പിന്നീടൊരിയ്ക്കലും..
അവളും മുത്തശ്ശിയും കൂടെ കിടന്നിരുന്നത് വടക്കിനിയുടെ
അകത്തളത്തിലായിരുന്നു രാവേറെയായാലും മുത്തശ്ശിയുടെ മടിയില്‍
തലചായ്ച് കഥ കേട്ടുറങ്ങുന്ന ഓര്‍മകള്‍ അവളെ വല്ലാതെ വേട്ടയാടി...
രാത്രിയുടെ ഏതെങ്കിലും ഒരു നിമിഷം ഉറക്കത്തിലേക്കു വഴുതി വീഴുമെങ്കിലും
മൂന്നാം യാമം കഴുയുമ്മുന്നെ ദുസ്വപ്നം കണ്ട് ഞെട്ടിയുണരും...
ഒരുതരം അനാഥത്വത്തിന്റെ നോവില്‍ തളര്‍ന്നു പോകും.
മുത്തശ്ശി മറ്റേതോലോകത്തിലേയ്ക്ക് അവളെകൂട്ടാതെ പോയ സത്യം
പതിയെ പതിയെ അവള്‍ മനസ്സിലാക്കിതുടങ്ങി.
പാതി മരിച്ച മനസ്സുമായ് യാതാര്‍ത്ഥ്യത്തിലേയ്ക്ക് തിരികെ വന്നപ്പോള്‍
പഞ്ചമത്തിലെവിടയൊ ഒരുമാത്ര കുറഞ്ഞപോലെ .........

മുത്തശ്ശിയ്ക്കൊരു സ്വപ്നമുണ്ടായിരുന്നു അവളുടെ വിവാഹം.
മുല്ലപ്പൂവിന്റെ ഗന്ധം പരത്തുന്ന പുലരിയും ആളുകള്‍ തിങ്ങിനിറയുന്ന
കോലായിലെ ഇരുട്ടും വയലിലൂടെ ആളുകള്‍ നിരനിരയായ് വരുന്നതും
അങ്ങനെകുറേസ്വപ്നങ്ങള്‍.പാവം മുത്തശ്ശി
ആകാശത്ത് മിന്നുന്ന നക്ഷത്രകൂട്ടങ്ങളില്‍ ഇരുന്നും ഇന്ന് അതൊക്കെ
ഓര്‍ത്ത് സങ്കടപ്പെടുന്നുണ്ടായിരിക്കും


അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി ഏകാന്തമായ കോലായിലെ
അകത്തളങ്ങളില്‍ ഇന്ന് മുത്തശ്ശിയില്ല ഒരു അപരിചിതയുടെ നേര്‍ത്ത
മര്‍മ്മരം മനസിലാഞ്ഞടിച്ചൂ.പതിമൂന്നു ദിവസത്തെ ചടങ്ങുകള്‍ എല്ലാം
അവസാനിപ്പിച്ച് വേണ്ടപ്പെട്ടവര്‍ പടിയിറങ്ങിയപ്പോള്‍ അവള്‍ നിയന്ത്രണങ്ങള്‍
ഇല്ലാതെ തേങ്ങിപ്പോയി.തായ്‌വേരുകളോരോന്നായി അറ്റുപോകുകയാണോ..?
ആ അകത്തളങ്ങളില്‍ പിന്നെയും അവള്‍ തനിച്ചായപോലെ

കര്‍മ്മങ്ങള്‍ കണ്ടുനിന്ന അവള്‍ക്ക് , ദിവസങ്ങളോളം മുന്നില്‍ എന്തക്ക്യൊ വിഭ്രമമായ
കാഴ്ചകളായിരുന്നു .ഉറക്കമില്ലാത്ത ആ ദിനങ്ങള്‍ !
മരണത്തെ തീവ്രമായി അറിഞ്ഞ നിമിഷങ്ങള്‍.
ഒറ്റപെടലിന്റെ വേദനയും, കഥ നഷ്ടപെട്ട വ്യഥയുമായി ,
പുനര്‍ജനിയുടെ വാതായനങ്ങളില്‍ ചെന്നെത്തും വരെ ,
ആ ഓര്‍മകളും പേറി അവള്‍ സഞ്ചരിക്കുന്നു.എവിടെയാണ് വിരാമം
എന്നറിയാതെ ,ഒരു നനുത്ത നീലാംബരിയായ്.....


പടിഞ്ഞാറന്‍ കാറ്റ് ആ‍ഞ്ഞടിയ്ക്കാന്‍ തുടങ്ങി .ജനല്പാളികള്‍ മെല്ലെ ഉലയുന്നു .
കാറ്റിന്റെ മര്‍മരത്തില്‍ കരിയിലകളുടെ നേര്‍ത്ത നിസ്വനം
ദൂരെ അരയാലിന്‍ കൊമ്പില്‍ പകലായി കുയിലുകള്‍ പാടുന്നു
കാതങ്ങള്‍ക്കപുറം തിരയടിയ്ക്കുന്ന തിരമാലകളുടെ ആരവം
അങ്ങകലെ കുന്നിന്‍ ചെരുവില്‍ നിശാഗന്ധിപൂത്തുവൊ
പേരറിയാത്ത പക്ഷികളൊക്കെ ഇതാ കൂടുതേടുകയാണ്
ആടിയുലയുന്ന കമ്പിറാന്തല്‍ ,അതിന്റെ തിരി ഇപ്പൊ കെടും.
കോലായിലെ അതിര്‍വരമ്പിലെ പാലപൂത്തിരിയ്ക്കുന്നു
കാറ്റ് ജനല്‍പ്പാളികളെ തള്ളിമെല്ലെയെന്‍ കോലായിലെ അകത്തളത്തില്‍
എത്തി,പാലപ്പൂവിന്റെ സുഗന്ധം വിരിയിക്കുന്ന നറുമണം
ആ നറുമണത്തിലൂടെ ഒരു ദിവ്യശക്തി എന്നെ തഴുതുന്നത് പോലെ
ഇരുളിന്റെ തുരുത്തുകളില്‍ ഒളിഞ്ഞിരുന്ന ചിത്രശലഭങ്ങള്‍ പറന്നടുക്കുന്നു..!!

["ഇതു ആമിയുടേയും അവളുടെ ദേവതയുടെയും കഥ......"]

അരികിലെത്താന്‍ മടിച്ചുനില്‍ക്കുന്ന തിങ്കളിന്റെ മര്‍മ്മരത്തിന്
കാതോര്‍ക്കുമ്പോഴും ഏതോ ഒരു അദൃശ്യസാമീപ്യം കയ്യെത്തും
ദൂരത്തുനിന്നും പതിയെ വിളിക്കുന്നപോലെ

നീ വരും കാലങ്ങളെ മാത്രകളാക്കി. ചന്ദ്രികജ്വോതിയുടെ ഒരായിരം
ദിനങ്ങള്‍ കവര്‍ന്നെടുത്ത് നീ വരും, ഒരുപൂവാടിയുടെ പുഞ്ചിരിനിന്നില്‍
ഉതിരുന്നുണ്ടാവുംനിനക്ക് വേണ്ടി മാത്രം നിര്‍ഗളിക്കുന്ന എന്റെ
വിരല്‍തുമ്പിലെ അക്ഷരങ്ങള്‍ സ്വരങ്ങളായി നിന്നെ ചൂഴ്നുനില്‍ക്കും
നിനക്ക് വരാതിരിയ്ക്കാനാവില്ലാ എനിക്ക ചിന്തകള്‍ തന്നത് നീയാണ്
അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകള്‍ തന്നത് നീയാണ് സ്വപ്നങ്ങളുടെ
പാഥയില്‍ കൈകോര്‍ത്ത് നടത്തിയതും നീതന്നെ നിന്റെ
സ്വപ്നങ്ങള്‍ക്ക് തേരു തെളിക്കാതെ എനിക്കെങ്ങനെ ഞാനാകാനാകും.!!