മറക്കണമെന്ന് ഓര്‍മ്മിപ്പിക്കലാണ്
മാര്‍ച്ചിന്റെ നിയോഗം.മതിയായില്ലെന്ന് അറിഞ്ഞിട്ടും
നോവിന്റെ യവനികയുയര്‍ത്തിഅഭിനയിക്കാനാവശ്യപ്പെടലാണ്
അതിന്റെ വിധി.ഒടുവില്‍ കരയാതെ നിന്ന കണ്‍കളിലേക്ക്
അരങ്ങിലെ ഇരുട്ട് താഴ്‌ത്തിമറയുമ്പോഴാണ്‌അതിന്റെ ജന്മം പൂര്‍ണമാവുക.
മാര്‍ച്ചിലൂടെ കടന്നുപോകുന്ന ഓരോ തലമുറയ്ക്കും ഇത് നിസ്സഹായതയുടെ വാതില്‍പ്പുറങ്ങള്‍.
കാമ്പസ് ഇന്ന് വിജനമാണ്. ഇത് വഴി നടന്ന ഓരോ നിമിഷങ്ങളും ഇന്നും മറക്കാനായിട്ടില്ല.
സൗഹൃദത്തിന്റെ കാണാപ്പുറങ്ങളെ മനസ്സിന്റെ തൂലികയാല്‍ പകര്‍ത്താന്‍ വെമ്പുന്ന നിസ്സഹായത എന്നെ വീര്‍പ്പുമുട്ടിക്കുന്നു.ഇന്ന്ഏകാന്തതയുടെ ചിലന്തിവലകള്‍ മാത്രം...കൗമാരസ്വപ്നങ്ങളില്‍ വിരിഞ്ഞ കാമിനിമാരുടെ മുഖങ്ങളില്ല.ബന്ധങ്ങളിലെ വൈവിധ്യങ്ങളില്ല. കാമ്പസ് പ്രണയങ്ങളിലെ കമിതാക്കളുംഇല്ല. എന്റെ മനസ്സിന്റെ നൊമ്പരങ്ങളുടെ പ്രതീകം പോലെ പൂത്തുനില്‍കുന്ന വാകമരങ്ങള്‍ മാത്രം.ഓര്‍മകളും സ്വപ്നങ്ങളും നൊമ്പരങ്ങളും പങ്കുവെച്ചും പരിഭവങ്ങള്‍ പങ്കിട്ടും എനിക്ക് മുന്നെ പടിയിറങ്ങിയ ആത്മാവിനൊപ്പം എനിക്കും എത്തണം...
എല്ലാം ഇന്ന് വിജനമായിരിക്കുന്നു.എല്ലാവരും ഒന്നിച്ചുണ്ടായിരുന്ന അപൂര്‍വ്വ നിമിഷങ്ങള്‍, അസുലഭമുഹൂര്‍ത്ഥങ്ങള്‍...ഇന്ന്നമ്മള്‍ പിരിയുകയാണ്.കരിയിലകള്‍ ചിക്കിമാറ്റി തണല്‍മരത്തിന്റെ കീഴില്‍ ആര്‍ത്തുല്ലസിച്ച ദിനങ്ങള്‍.എന്റെ ജീവന്റെ തുടിപ്പുകള്‍ ഇവിടെ ഉപേക്ഷിച്ച് ഞാന്‍ മടങ്ങുകയാണ്.
ആത്മ ബന്ധത്തില്‍ പെയ്തിറങ്ങിയ സൌഹൃദങ്ങള്‍ പങ്കുവെച്ച ഹരിതദിനങ്ങളോട് എനിക്കും വിടപറയേണ്ടി വരുന്നു. കൗമാരത്തിന്റെ കൗതുകങ്ങളില്‍ കണികൊന്ന വിരിയിച്ച് തന്ന കലാലയം.... പ്രണയത്തിന്റേയും സ്വപ്നങ്ങളുടേയും മോഹഭംഗങ്ങളുടേയും ഒരുപാട് കഥകള്‍ പറയാനുണ്ട് ഇവിടുത്തെ ഓരോ ഇടനാഴികള്‍ക്കും. അകന്നിട്ടും അടരാന്‍ മടിച്ച് ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നു കിടക്കുന്ന പ്രണയകാലം... ഇവിടെ ഒരുപാടു പേരുടെ സ്വപ്നങ്ങള്‍ക്കു ചിറകു മുളച്ചിരുന്നു.ഉയരങ്ങളിലേക്ക് പറക്കാന്‍ കൊതിച്ചിരുന്ന ഒരുപാട് ജന്‍മങ്ങള്‍ ചിറകു തളര്‍ന്നു വീണതും ഇവിടെയാണ് .
വിജയത്തിന്റെ പടവുകള്‍ ചവിട്ടികയറി ജീവിതത്തില്‍ വെന്നികൊടിപാറിച്ചവര്‍, അതേസമയം ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സ്വയം ഒതുങ്ങേണ്ടിവന്ന മറ്റുചില മനുഷ്യക്കോലങ്ങള്‍. ഈ ഇടനാഴികളില്‍ പ്രണയത്തിന്റെ നോവുണ്ട്, സൗഹൃദത്തിന്റെആര്‍ദ്രതയുണ്ട്,വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്.ഇവിടെ ഞാനുണ്ട്, എന്റെ മനസ്സുണ്ട് പിന്നെ നിങ്ങളില്‍ ആരൊക്കെയോയുണ്ട്.പങ്കുവെച്ച സ്നേഹത്തിന്റെ നനുത്ത സ്പര്‍ശം ഇതെല്ലാം ഇടനാഴിയുടെ ആര്‍ദ്രമായ വായുവില്‍ ഞാന്‍ തൊട്ടറിയുന്നു .
എങ്കിലും, ഇവിടുത്തെ കരിങ്കല്‍ ചുമരില്‍ പറ്റിപ്പിടിച്ച ചുവന്ന മണ്ണ് എങ്ങനെ കറുത്തു പോയെന്ന് അത്ഭുതം കൂറുന്നവര്‍ക്കു അവളെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കുമെന്ന് കരുതി...
നിനക്കു ഞാന്‍ തന്ന പ്രണയത്തില്‍ രക്ത സാക്ഷിയായത് എന്റെ ഹൃദയം മാത്രമായിരുന്നില്ല അതില്‍ കൂടു കൂട്ടിയിരുന്ന ഒരായിരം കുഞ്ഞുമാലാഖമാരും കൂടെയുണ്ടായിരുന്നു.മുളയ്ക്കും മുമ്പ് തന്നെ കരിക്കപ്പെട്ട ചിറകുകളുമായി ഈ ഇടനാഴിയില്‍ ഇപ്പോഴും പറക്കാന്‍ കൊതിച്ചു നില്‍പ്പുണ്ട്. മഴക്കാല രാത്രികളിലോന്നില്‍ നീ വന്നാല്‍ നിനക്കും അത് തൊട്ടറിയാം...
ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ അത് ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.കാലങ്ങളേറെ കഴിഞ്ഞിട്ടും നിര്‍വചനങ്ങളില്‍ ഒതുങ്ങാത്തവര്‍ പ്രണയത്തിന്റെതീരത്തും അടുക്കുന്നു. കാമ്പസ് ബന്ധത്തിന്റെ പവിത്രത ഇന്ന് അണയുകയാണൊ?
പുതിയ തലമുറ വേര്‍പാടിന്റെ നിമിഷങ്ങളില്‍ നഷ്ടങ്ങളേയോര്‍ത്ത് സങ്കടപ്പെടുകയും പിരിഞ്ഞുപോകുന്ന സൌഹൃദങ്ങളെ ഓര്‍ത്ത് വിലപിക്കുകയും ചെയ്യുന്നുണ്ടോ...
ഒരു വേള, ഞാനും വീണ്ടുമാ സ്നേഹസൗഹൃദം പങ്കുവെയ്ക്കാന്‍ കാതോര്‍ത്തിരിക്കുന്നു.
സുഹൃത്ത്‌കാല ഓര്‍മ്മകള്‍ ചികയവേ
മനസ്സില്‍ എത്തിയത് അവളുടെ മുഖമായിരുന്നു.
എന്റെ ആട്ടൊ ഗ്രാഫിന്റെ താളില്‍ സ്നേഹത്തെകുറച്ച് ഒരു വരി എഴുതിയിരുന്നു അവള്‍
"സ്നേഹം" രണ്ട് സുവര്‍ണ്ണലിപികളാല്‍ കടഞ്ഞെടുത്ത പ്രതീകമെന്ന്
അതിലൊന്ന് നീയും അതിലൊന്ന് ഞാനുമെന്ന്"
ആ കണ്ണുകളിലെ തീവ്രത ഞാന്‍ അറിയുന്നൂ
ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്
അവളുടെ വാക്കുകള്‍ക്ക് അഗ്നിയുടെ ചൂടായിരുന്നു എന്ന്.
ചിലപ്പോള്‍ മഞ്ഞിന്റെ തണുപ്പും
അതിലേറെ ആശ്വാസത്തിന്റെ തലോടലും.
വിരഹം പ്രകൃതിയുടെ നിയമമെന്നറിഞ്ഞിട്ടും, അര്‍ത്ഥശൂന്യമായ ഒരു ചെറുത്തുനില്പിനായി ഈ താളുകള്‍ മതിയാകുന്നില്ല എന്നറിഞ്ഞിട്ടും വേര്‍പാട് അനിവാര്യമാകുന്ന ഈ നിമിഷത്തില്‍ എനിക്കും പ്രകൃതിയുടെ വാതായനങ്ങള്‍ക്കപ്പുറം അകലേണ്ടിയിരിക്കുന്നു.ചുട്ടുപഴുത്ത ചിന്തകളുടെ മുള്‍മുനയില്‍ നിന്നും എനിക്ക് മുന്‍പേ അകന്നുപോയ എന്റെ ആത്മാവിനെ ഞാന്‍ കാണുന്നുവെങ്കില്‍ അതിന്റെ ഭാഷഎന്നെ തിരിച്ചറിഞ്ഞുവെങ്കില്‍ ഞാന്‍ എന്റെ മായാലോകത്തിന്റെ പടവുകളില്‍ എത്തിയിരിക്കുന്നു എന്ന് എനിക്കും ആശ്വസിക്കാം!!!